ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായി നിർണ്ണായക പ്രഖ്യാപനവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യക്ക് ആവശ്യമായത്ര ഇന്ധനം വിൽക്കാൻ വാഷിംഗ്ടൺ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ അമേരിക്കയുടെ ‘വലിയൊരു സഖ്യകക്ഷിയും പങ്കാളിയുമായി’ വിശേഷിപ്പിച്ച അദ്ദേഹം, മിയാമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഈ കാര്യം അറിയിച്ചത്. മേയ് 23 മുതൽ 26 വരെയാണ് റൂബിയോ ഇന്ത്യ സന്ദർശിക്കുന്നത്. ന്യൂഡൽഹിക്ക് പുറമെ കൊൽക്കത്ത, ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും അദ്ദേഹം സന്ദർശിക്കും. യു.എസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ നിലനിൽക്കുന്ന ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ ഓഫർ. നിലവിൽ അമേരിക്ക ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധന ഉത്പാദനത്തിലും കയറ്റുമതിയിലുമാണെന്ന് റൂബിയോ കൂട്ടിച്ചേർത്തു. ഈ സന്ദർശനവേളയിൽ മേയ് 26-ന് നടക്കുന്ന തന്ത്രപ്രധാനമായ ‘ക്വാഡ്’ കൂട്ടായ്മയുടെ യോഗത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി മൊട്ടേഗി തോഷിമിത്സു എന്നിവരും പങ്കെടുക്കും. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷയും സഹകരണവും യോഗത്തിൽ പ്രധാന ചർച്ചയാകും.

ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി വെനസ്വേലൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. അടുത്ത ആഴ്ച വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എണ്ണവ്യാപാര ചർച്ചകൾക്കായി ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്ന് റൂബിയോ വെളി പ്പെടുത്തി. ഫെബ്രുവരിയിൽ അമേരിക്കയും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച വ്യാപാരക്കരാ റിന്റെ തുടർച്ചയായാണ് ഈ നീക്കങ്ങൾ. കഴിഞ്ഞ 14 വർഷത്തിനിടെ കൊൽക്കത്ത സന്ദർശിക്കുന്ന ആദ്യ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയാകും മാർക്കോ റൂബിയോ. ഇതിനുമുമ്പ് 2012-ൽ ഹിലരി ക്ലിന്റനാണ് കൊൽക്കത്ത സന്ദർശിച്ചത്. അമേരിക്കയുടെ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ കോൺസുലേറ്റാണ് കൊൽക്കത്തയിലുള്ളത് എന്നത് ഈ സന്ദർശനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
