വാൻകൂവർ : വരുമാനത്തിലെ ഇടിവിനെ തുടർന്ന് 6,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ടെലസ് കോർപ്പറേഷൻ അറിയിച്ചു. ടെലസ് ബിസിനസിലെ 4,000വും ടെലസ് ഇന്റർനാഷണലിൽ നിന്നും 2,000 തൊഴിലാളികളെയുമാണ് പിരിച്ചുവിടുന്നതെന്ന് വാൻകൂവർ ആസ്ഥാനമായുള്ള ടെലസ് വ്യക്തമാക്കി.
രണ്ടാം പാദത്തിലെ അറ്റവരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 61 ശതമാനം കുറഞ്ഞ് 196 മില്യൺ ഡോളറിലെത്തിയതോടെയാണ് പിരിച്ചുവിടൽ തീരുമാനമെന്ന് കമ്പനി വെളിപ്പെടുത്തി. ജൂൺ 30-ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റവരുമാനം ഷെയറൊന്നിന് 14 സെന്റാണ്. മുൻ വർഷം ഇതേ പാദത്തിൽ ഷെയറൊന്നിന് 34 സെൻറ് ആയിരുന്നു.

പിരിച്ചുവിടുന്ന തൊഴിലാളികൾക്ക് നേരത്തെയുള്ള വിരമിക്കൽ, വോളണ്ടറി ഡിപ്പാർച്ചർ പാക്കേജുകൾ എന്നിവ നൽകുമെന്നും കമ്പനി പറയുന്നു. കഴിഞ്ഞ വർഷം അവസാനം വരെ ടെലസിൽ 108,500 തൊഴിലാളികളുണ്ടായിരുന്നു.
ജനസംഖ്യാ വളർച്ചയുടെ വേഗതയുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സമ്പദ്വ്യവസ്ഥ പാടുപെടുമ്പോൾ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം വീണ്ടും ഉയർന്നു. ജൂലൈയിൽ തൊഴിലവസരങ്ങളിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും 6,400 തൊഴിലവസരങ്ങൾ കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.
