വിക്ടോറിയ : കാട്ടുതീ അപകടസാധ്യത കുറഞ്ഞതോടെ പ്രവിശ്യ അടിയന്തിരാവസ്ഥ പിൻവലിച്ച് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. കാലാവസ്ഥയിലെ മാറ്റവും അടിയന്തിരാവസ്ഥ പിൻവലിക്കുന്നതിന് കാരണമായതായി എമർജൻസി മാനേജ്‌മെന്റ് മന്ത്രി ബോവിൻ മാ പ്രസ്താവനയിൽ പറഞ്ഞു. വിദഗ്ധരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവിശ്യാ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും കാട്ടുതീ സീസൺ അവസാനിച്ചിട്ടില്ലെന്നത് മറക്കരുതെന്നും ബോവിൻ മാ പറഞ്ഞു. എന്നാൽ, പല കമ്മ്യൂണിറ്റികളിലും പ്രാദേശിക അടിയന്തരാവസ്ഥ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കാട്ടുതീ ബാധിത കമ്മ്യൂണിറ്റികളുടെ പുനരധിവാസത്തിന് ആവശ്യമായി എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് ബോവിൻ പറഞ്ഞു. അടിയന്തിരാവസ്ഥ പിൻവലിക്കുന്നത് ഈ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വേനൽക്കാലത്ത് കടുത്ത ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയെ തുടർന്നുണ്ടായ കാട്ടുതീയിൽ പ്രവിശ്യയിൽ ഹെക്ടറുകളോളം ഭൂപ്രദേശം കത്തിനശിച്ചു. കാട്ടുതീ നിയന്ത്രണപ്രവർത്തനങ്ങൾക്കിടെ രണ്ട്
അഗ്നിശമനസേനാംഗങ്ങൾ മരിച്ചിരുന്നു. കൂടാതെ നൂറുകണക്കിന് കെട്ടിടങ്ങൾ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തിരുന്നു.
