എഡ്മിന്റൻ: പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അപേക്ഷകൾ നിരസിച്ചതിനെതിരെ കാൽഗറിയിൽ പ്രതിഷേധിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ക്യാമ്പിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ പ്രതിഷേധക്കാരുടെ ഇമിഗ്രേഷൻ രേഖകൾ പരിശോധിക്കുകയും നിയമപരമായ രേഖകളില്ലാത്തവരോട് തുടർനടപടികൾക്കായി CBSA ഓഫീസിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.
ആയിരത്തിലധികം അന്താരാഷ്ട്ര ബിരുദധാരികളാണ് കാൽഗറിയിൽ രണ്ടാഴ്ചയോളമായി പ്രതിഷേധിക്കുന്നത്. ഇവരിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്നുള്ളവരും പ്രത്യേകിച്ച് പഞ്ചാബിൽ നിന്നുള്ളവരുമാണെന്നാണ് റിപ്പോർട്ടുകൾ. PGWP അപേക്ഷകൾ നിരസിച്ചതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്.
നോൺ-ക്രെഡിറ്റ് കോഴ്സുകൾ തിരിച്ചടിയായി
പോർട്ടേജ് കോളേജുമായി ബന്ധപ്പെട്ട് നടത്തിയ ചില നോൺ-ക്രെഡിറ്റ് പ്രോഗ്രാമുകളിൽ പഠിച്ച വിദ്യാർത്ഥികൾക്കാണ് PGWP ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നത്. ഇത്തരം പ്രോഗ്രാമുകൾക്ക് സർട്ടിഫിക്കറ്റ്, ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി ലഭിക്കാത്തതിനാൽ വർക്ക് പെർമിറ്റിന് അർഹതയില്ലെന്നാണ് ഇമിഗ്രേഷൻ അധികൃതരുടെ നിലപാട്. എന്നാൽ പഠനത്തിനായി വലിയ തുക ചെലവഴിച്ച തങ്ങൾക്ക് നേരത്തെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ വാദം.

സർക്കാർ നിലപാട് കടുപ്പിക്കുന്നു
PGWP ലഭിക്കാത്തതിനെ തുടർന്ന് കാനഡയിൽ തുടരാനുള്ള നിയമപരമായ അവകാശം നഷ്ടപ്പെട്ടവരുടെ സ്ഥിതി പ്രതിഷേധത്തിനിടെ പ്രധാന വിഷയമായി മാറിയിട്ടുണ്ട്. വീസ കാലാവധി കഴിഞ്ഞവരും സ്ഥിരതാമസത്തിന് അർഹതയില്ലാത്തവരും കാനഡ വിടേണ്ടിവരുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. കാനഡയിൽ നിയമപരമായി തുടരാൻ അനുമതിയില്ലാത്തവർക്കെതിരെ നിലവിലുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും അറിയിച്ചു. കൂടാതെ, അന്തർദേശീയ വിദ്യാർത്ഥി വീസ സംവിധാനത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തങ്ങൾക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ പഠനത്തിനായി കാനഡയിലെത്തിയതെന്നും പിന്നീട് നിയമവ്യാഖ്യാനത്തിൽ വന്ന മാറ്റങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്നും പ്രതിഷേധക്കാർ പറയുന്നു.
