Saturday, August 15, 2026

മോനെറിസ് അമേരിക്കൻ ഉടമസ്ഥതയിലേക്ക്; കനേഡിയൻ ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷിതമാകുമോ?

ഓട്ടവ: കാനഡയിലെ ഏകദേശം മൂന്നിലൊന്ന് പേയ്‌മെന്റ് ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ പേയ്‌മെന്റ് സേവനദാതാവായ മോനെറിസ് (Moneris) അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫ്രാൻസിസ്കോ പാർടണേഴ്സ് (Francisco Partners) സ്വന്തമാക്കുന്നു. ഏകദേശം 2 ബില്യൺ ഡോളറിന്റെ ഇടപാടിന് നിയന്ത്രണ അനുമതി ലഭിക്കേണ്ടതുണ്ട്.

മോനെറിസ് നിലവിൽ റോയൽ ബാങ്ക് ഓഫ് കാനഡ (RBC), ബാങ്ക് ഓഫ് മൺട്രിയോൾ (BMO) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ളതാണ്. വിൽപ്പന പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുബാങ്കുകളുടെയും ഓഹരിവില ഉയർന്നു. നികുതി കിഴിച്ച് ഏകദേശം 475 മില്യൺ ഡോളർ ലഭിക്കുമെന്നാണ് റോയൽ ബാങ്ക് ഓഫ് കാനഡയുടെ പ്രതീക്ഷ. ബാങ്ക് ഓഫ് മൺട്രിയോളിന് ഏകദേശം 600 മില്യൺ ഡോളറും ലഭിക്കും.

എന്നാൽ ഇടപാട് കാനഡയുടെ ഡിജിറ്റൽ പരമാധികാരത്തിനും ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഉയരുന്നത്. കാനഡയിലെ 3.25 ലക്ഷത്തിലധികം വ്യാപാര കേന്ദ്രങ്ങളിൽ മോനെറിസ് സേവനം നൽകുന്നുണ്ട്. പ്രതിവർഷം 5 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇടപാടുകളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.

കനേഡിയൻ ഉപഭോക്താക്കളുടെ ഡാറ്റാ വിവരങ്ങൾ അമേരിക്കൻ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാകുന്നത് വിദേശ സർക്കാരുകൾക്കും നിയമ നിർവഹണ ഏജൻസികൾക്കും വിവരങ്ങൾ ലഭ്യമാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പ്രൈവസി ആന്റ് ആക്സസ് കൗൺസിൽ ഓഫ് കാനഡ (Privacy and Access Council of Canada) അധ്യക്ഷ ഷാരൺ പോൾസ്‌കി മുന്നറിയിപ്പ് നൽകി.

അമേരിക്കൻ അതിർത്തി ഉദ്യോഗസ്ഥർക്ക് ഒരാളുടെ പേയ്‌മെന്റ് ചരിത്രം പരിശോധിക്കാനുള്ള സാഹചര്യം പോലും ഭാവിയിൽ ഉണ്ടാകാമെന്ന് അവർ ചൂണ്ടിക്കാട്ടി. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ തുടരുന്നതിനാൽ ഇടപാട് കൂടുതൽ ഗൗരവമുള്ളതാണെന്നും വിദഗ്ധർ പറയുന്നു.

കാനഡയിലെ ഡിജിറ്റൽ സ്വകാര്യതാ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ജൂണിൽ ബിൽ C-36, പ്രൈവസി ആന്‍ഡ് കണ്‍സ്യൂമര്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട്(Protecting Privacy and Consumer Data Act) സർക്കാർ അവതരിപ്പിച്ചിരുന്നു. സ്വകാര്യ കമ്പനികൾ കാനഡയ്ക്ക് പുറത്തേക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് സ്വകാര്യതാ ആഘാത വിലയിരുത്തൽ നടത്തണമെന്നതടക്കമുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്.

എന്നാൽ പുതിയ നിയമനിർമാണം ഡാറ്റ കാനഡയിൽ തന്നെ സൂക്ഷിക്കേണ്ടതിന്റെ ദേശീയ സുരക്ഷാ, ഡിജിറ്റൽ പരമാധികാര പ്രശ്നങ്ങൾക്ക് മതിയായ പരിഹാരം നൽകുന്നില്ലെന്നാണ് സ്വകാര്യതാ വിദഗ്ധരുടെ വിമർശനം. മോനെറിസ് ഉടമസ്ഥത മാറിയാലും കനേഡിയൻ ബിസിനസുകൾക്ക് നൽകുന്ന സേവനത്തിൽ മാറ്റമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!