പാർലമെന്റിൽ രണ്ട് പേർക്ക് അതിക്രമിച്ച് കയറാൻ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുന്നു, പ്രതികരിച്ച പ്രതിപക്ഷ എംപിമാർ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശ്. സംഭവത്തിൽ ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.

പാർലമെന്റ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് അതിക്രമത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനുളള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യാ മുന്നണി. പാർലമെൻറ് ചരിത്രത്തിലാദ്യമായി 78 എംപിമാരെയാണ് ഇന്നലെ കൂട്ടമായി സസ്പെൻഡ് ചെയ്തത്. സുരക്ഷ വീഴ്ചയിൽ അമിത്ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് ലോക്സഭയിലും രാജ്യസഭയിലും എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. ഇതോടെ സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 92 ആയി.
ലോക്സഭയിൽ 33 എംപിമാരെ ആദ്യം സസ്പെൻഡ് ചെയ്തു. പിന്നാലെ രാജ്യസഭയിൽ 45 പേരെയും സസ്പെൻഡ് ചെയ്തു. പതിനൊന്ന് പേർക്ക് മൂന്ന് മാസവും മറ്റുള്ളവർക്ക് സഭാ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെൻഷൻ. കേരളത്തിൽ നിന്ന് എൻകെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ആൻറോ ആൻറണി, കെ മുരളീധരൻ, ഇടി മുഹമ്മദ് ബഷീർ , ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, ജെബി മേത്തർ, സന്തോഷ് കുമാർ, എഎ റഹിം എന്നിവരേയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെസി വേണുഗോപാലിനെയും സസ്പെൻഡ് ചെയ്തു.