സറേ : പുതുവത്സര ദിനത്തിൽ ബ്രിട്ടിഷ് കൊളംബിയ സറേയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചതായി സറേ ആർസിഎംപി റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഇന്ന് രാവിലെ ഏഴു മണിയോടെ 25 അവന്യൂവിലെ 144 സ്ട്രീറ്റിന് സമീപമുള്ള വീടിനാണ് തീപിടിച്ചതെന്ന് പോലീസ് പറയുന്നു. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയതായി പോലീസ് അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ വീടിനുള്ളിൽ ഉണ്ടായിരുന്ന അഞ്ച് പേരിൽ നാല് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സറേ ആർസിഎംപി അറിയിച്ചു. അഞ്ചാമത്തെ താമസക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. കൂടാതെ പൊതുജനങ്ങൾ ഈ പ്രദേശം ഒഴിവാക്കണെമെന്ന് പോലീസ് നിർദ്ദേശിച്ചു. തീപിടിത്തത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 604-599-0502 എന്ന നമ്പറിൽ സറേ ആർസിഎംപിയുമായി ബന്ധപ്പെടണം.
