രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി.വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50നാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേര്ന്നാണ് നരേന്ദ്ര മോദിയെ സ്വീകരിച്ചത്.

രാത്രി 7.30 ഓടെ കെപിസിസി ജങ്ഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം പ്രധാനമന്ത്രി തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്. ഇരുവശത്തും തടിച്ചുകൂടിയ പ്രവർത്തകർ പുഷ്പവൃഷ്ടികളോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വൻ ജനാവലിയാണ് മോദിയെ കാണാൻ അണിനിരന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തന്നെ പ്രവര്‍ത്തകര്‍ റോഡരികില്‍ ഇടം പിടിച്ചു തുടങ്ങിയിരുന്നു.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന പ്രധാനമന്ത്രി പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും. പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.
