ഓട്ടവ : ‘സെക്കൻഡ് ജനറേഷൻ കട്ട് ഓഫ്’ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയ ഒന്റാരിയോ സുപ്പീരിയർ കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് കാനഡ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. കാനഡയ്ക്ക് പുറത്തു ജനിച്ച പൗരന്മാരുടെ മക്കൾ വിദേശത്താണ് ജനിച്ചതെങ്കിൽ അവർക്ക് പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥയാണ് കോടതി അസാധുവാക്കിയത്.

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒട്ടേറെപ്പരെ ബാധിക്കുന്നതിനാൽ വിധിക്കെതിരെ അപ്പീൽ നൽകില്ലെന്നും മന്ത്രി വിശദീകരിച്ചു. നിലവിലുള്ള നിയമങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുമെന്നും വ്യക്തമാക്കി.
രാജ്യത്തിന് പുറത്ത് സ്ഥിരതാമസമാക്കിയ കനേഡിയൻ പൗരന്മാരെ ബാധിക്കുന്ന സെക്കൻഡ് ജനറേഷൻ കട്ട് ഓഫ് നിയമം 2009ൽ സ്റ്റീഫൻ ഹാർപ്പർ സർക്കാരാണ് നടപ്പിലാക്കിയത്. ഇതുപ്രകാരം കനേഡിയൻ പൗരത്വമുള്ള മാതാപിതാക്കൾക്ക്, രാജ്യത്തിന് പുറത്തുജനിച്ച കുട്ടികളെ പെർമനന്റ് റസിഡൻസി അപേക്ഷയിലൂടെ കാനഡയിൽ എത്തിച്ചുമാത്രമെ പൗരത്വ നടപടികളിലേക്ക് കടക്കാനാകുമായിരുന്നുള്ളു. ഇതു രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതായാണ് കോടതി നിരീക്ഷിച്ചത്.
