ന്യൂയോർക്ക്: ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്കു നേരെ ക്രൂരമായ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിക്കാണ് അജ്ഞാതരായ മോഷ്ടാക്കളിൽ നിന്ന് മർദ്ദനമേറ്റത്. ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ ഇന്നലെ രാത്രി ആണ് സംഭവം ഉണ്ടായത്. ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങവേ ആണ് വഴിയരികിൽ പതുങ്ങി നിന്ന ഒരു സംഘം അക്രമികൾ സയ്യിദിനെ ആക്രമിച്ചത്. അക്രമത്തിൽ സയ്യിദിന്റെ മൂക്കിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യാന വെസ്ലയൻ യൂനിവേഴ്സിറ്റിയിലെ ഐ.ടി മാസ്റ്റേഴ്സ് വിദ്യാർഥിയാണ് മസാഹിർ. ഹൈദരാബാദ് സ്വദേശിയായ മസാഹിറിന്റെ ഭാര്യ റുഖിയ്യ ഫാത്തിമ റസ്വി വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. മസാഹിറിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് റുഖിയ്യ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിനോട് ആവശ്യപ്പെട്ടത്. മൂന്നു കൊച്ചുകുട്ടികൾക്കും തനിക്കും യു.എസിലേക്ക് പോകാനുള്ള സഹായങ്ങൾ ഒരുക്കണമെന്നും അവർ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
സംഭവത്തിൽ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. എല്ലാ സഹായവും സയ്യിദിനും കുടുംബത്തിനും ഉറപ്പ് നൽകി എന്നും കോൺസുലേറ്റ് വ്യക്തമാക്കി.
