ഇ.പി ജയരാജന് പ്രകാശ് ജാവഡേക്കര്‍ വിഷയത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു. ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്.ഇത് തള്ളിപ്പറഞ്ഞാല്‍ ഇ.പി പലതും വിളിച്ചു പറയും. മുഖ്യമന്ത്രി ജാവഡേക്കറെ പലവട്ടം കാണുന്നതെന്തിനാണ്?. പിടിക്കപ്പെട്ടപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശന് പറഞ്ഞു.
ശോഭ സുരേന്ദ്രനും നന്ദകുമാറും പറയുന്നത് ഏറ്റുപിടിക്കുന്നവരല്ല ഞങ്ങള്‍. മുഖ്യമന്ത്രിയും ഇ.പിയും ഇപ്പോള്‍ ന്യായീകരിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതെന്നും സതീശന് പറഞ്ഞു.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നു. ഇ.പിക്കെതിരെയുള്ള ആക്രമണങ്ങള്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനെയും ഉന്നം വെച്ചുള്ളതാണ്. ജയരാജന് എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്നയാളാണ്. ജയരാജന് ബന്ധം സ്ഥാപിക്കുമ്പോള്‍ ജാഗ്രത പാലിക്കാറില്ലെന്ന് മുന്‍പ് തെളിഞ്ഞതാണ്. പാപിയുടെ കൂടെ ശിവന് കൂടിയാല്‍ ശിവനും പാപിയാകും. കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പി ജാഗ്രത കാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.