അന്തരിച്ച സഹോദരൻ ഷെല്‍ജുവിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് നടന്‍ ബൈജു എഴുപുന്ന. സഹോദരന് മദ്യപാനമോ പുകവലിയോ പോലുള്ള ദുശ്ശീലങ്ങളൊന്നുമില്ലായിരുന്നുവെന്നും ആരോഗ്യം നല്ലപോലെ നോക്കിയിരുന്നുവെന്നും ടോക്സ് ലെറ്റ് മീ ടോക്ക് എന്ന യൂട്യൂബ് ചാനലിനോട് ബൈജു പ്രതികരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ബൈജു എഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി അന്തരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
‘കഴിഞ്ഞ ദിവസം ഷെൽജുവിൻ്റെ വെഡ്ഡിങ് ആനിവേഴ്സറി ആയിരുന്നു. ഞാൻ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവൻ്റെ കാറുമായിട്ടാണ് ഞാൻ പോയത്. ഇടുക്കിക്കു പോകുന്ന യാത്രയിൽ തൊടുപുഴ എത്തിയപ്പോൾ ഷെൽജുവിന് ഒട്ടും സുഖമില്ലാതെ വന്നു എന്ന് അറിഞ്ഞു. അവന് അനക്കം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ തന്നെ ലേക്ക്ഷോറിലേക്ക് കൊണ്ടുപോയി. പക്ഷേ നമ്മുടെ റോഡിൻ്റെ അവസ്ഥ കാരണം എത്തിക്കാൻ കുറച്ചു വൈകി. അവിടെ ചെന്നിട്ട് അവർ ഒരു ഇരുപതു മിനിറ്റോളം ശ്രമിച്ചു. ആരോഗ്യം നന്നായി നോക്കുന്ന ആളാണ്. മദ്യപിക്കില്ല, പുകവലിക്കില്ല, ദുശ്ശീലങ്ങൾ ഒന്നും ഇല്ല. എല്ലാ ദിവസവും വർക്ക്ഔട്ട് ഒക്കെ ചെയ്യും. ശരീരം നന്നായി നോക്കുന്ന ഒരാളാണ്. അവനു ഇപ്പോ 49 വയസ്സായി. ദൈവം വിളിച്ചാൽ ആരോഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നും ഇല്ല, ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവൻ എൻ്റെ മമ്മിയുടെ അടുത്തേക്ക് പോയി.- ബൈജു പറഞ്ഞു.

രണ്ട് മാസത്തിനു മുൻപ് ഒരു പനി വന്നിരുന്നു. അന്ന് കുറച്ചു ദിവസം ആശുപത്രിയിൽ ആയിരുന്നു. അതിനു ശേഷം അവനു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പ്രഷറും കൊളസ്ട്രോളും ഷുഗറും ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഭാര്യ വിചാരിച്ചത് ഷുഗർ കുറഞ്ഞതാണ് എന്നാണ്. പക്ഷേ അതൊരു കാർഡിയാക് അറസ്റ്റ് ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നു, പക്ഷേ ശ്രമിച്ചിട്ടും തിരിച്ചു പിടിക്കാൻ പറ്റിയില്ല. സമയമാകുമ്പോൾ എല്ലാവരും പോയെ പറ്റൂ. ഞാൻ സിനിമയുമായി നടക്കുമ്പോൾ അവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ’-ബൈജു പറയുന്നു.
