ടൊറൻ്റോ : അഭൂതപൂർവമായ ഡിമാൻഡ് കാരണം പ്രവിശ്യയിലെ 40% ഫുഡ് ബാങ്കുകളും പ്രതിസന്ധി നേരിടുന്നതായി ഫീഡ് ഒൻ്റാരിയോയുടെ പുതിയ റിപ്പോർട്ട്. ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ഫുഡ് ബാങ്ക് വഴി നൽകുന്ന ഭക്ഷണത്തിൻ്റെ അളവ് കുറച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിഭവങ്ങളുടെ അഭാവം മൂലം 50% ഫുഡ് ബാങ്കുകളും റാപ് എറൗണ്ട് സേവനങ്ങൾ വെട്ടിക്കുറച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2023 ഏപ്രിൽ ഒന്നിനും 2024 മാർച്ച് 31-നും ഇടയിൽ പത്ത് ലക്ഷത്തിലധികം ആളുകൾ പ്രവിശ്യയിലെ ഫുഡ് ബാങ്കുകളെ ആശ്രയിച്ചതായി ഫീഡ് ഒൻ്റാരിയോ പറയുന്നു. ഇത് മുൻവർഷത്തേക്കാൾ 25% വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം സന്ദർശകരിൽ 43 ശതമാനവും മുമ്പ് ഫുഡ് ബാങ്കുകളെ ആശ്രയിക്കാത്തവരാണെന്നും റിപ്പോർട്ട് പറയുന്നു. മറ്റെല്ലാ വഴിയും അടയുമ്പോളാണ് ആളുകൾ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നത്. എന്നിട്ടും പത്തു ലക്ഷത്തിലധികം ഒൻ്റാരിയോ നിവാസികൾ ഫുഡ് ബാങ്കുകളുടെ സഹായം തേടിയതായി ഫീഡ് ഒൻ്റാരിയോ സിഇഒ കാരൊലിൻ സ്റ്റുവർട്ട് പറയുന്നു. റെക്കോർഡ് സന്ദർശനവും സംഭാവന ലഭിക്കുന്നതിലെ കുറവും ആളുകൾക്കും കുടുംബങ്ങൾക്കും ഏറ്റവും ആവശ്യമുള്ള സമയത്ത് വിഭവങ്ങൾ നൽകാൻ സാധിക്കാതെ വരുന്നതിനും കാരണമാകുന്നുണ്ട്, അവർ വ്യക്തമാക്കി.

കഴിഞ്ഞ നാല് വർഷത്തിനിടെ, ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണത്തിൽ 80% വർധനയും ഭവനരഹിതരായവരുടെ എണ്ണത്തിൽ 109% വർധനയും ഉണ്ടായതായി ഫീഡ് ഒൻ്റാരിയോ അറിയിച്ചു. ഫുഡ് ബാങ്ക് ഉപയോക്താക്കളിൽ നാലിൽ ഒരാൾ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു, സന്ദർശകരിൽ 42 ശതമാനം പേരും മിനിമം വേതനമോ അതിൽ കുറവോ ആണ് സമ്പാദിക്കുന്നതെന്ന് സൂചിപ്പിക്കുന്നു.
