ഓട്ടവ: കാനഡയിലെ കൗമാരക്കാരും യുവാക്കളും ഡേറ്റിങ് അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് കനേഡിയന്‍ പീഡിയാട്രിക് സൊസൈറ്റിയുടെ (CPS) പുതിയ റിപ്പോര്‍ട്ട്. ശാരീരികവും ലൈംഗികവുമായ ഉപദ്രവങ്ങള്‍ മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള മാനസിക പീഡനങ്ങള്‍ വരെയുള്ള അതിക്രമങ്ങള്‍ക്ക് മൂന്നിലൊന്ന് കൗമാരക്കാരും ഇരയാകുന്നുണ്ടെന്ന് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സി.പി.എസ് മുന്നറിയിപ്പ് നല്കുന്നു. ആറാം ക്ലാസ് മുതലുള്ള കുട്ടികളെയാണ് പഠനവിധേയമാക്കിയത്.
ചെറുപ്പത്തില്‍ തന്നെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദീര്‍ഘകാലത്തേക്ക് ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗവും ഓണ്‍ലൈന്‍ പോണോഗ്രാഫിയില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന അക്രമാസക്തമായ ഉള്ളടക്കങ്ങളുമാണ് ഇത്തരം പെരുമാറ്റങ്ങള്‍ക്ക് പ്രധാന കാരണമാകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പെണ്‍കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡര്‍ കൗമാരക്കാര്‍, ദാരിദ്ര്യവും വിവേചനവും അനുഭവിക്കുന്നവര്‍ എന്നിവരാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകാന്‍ കൂടുതല്‍ സാധ്യതയുള്ളത്.

അതിക്രമ സ്വഭാവമുള്ള ഉള്ളടക്കം പെണ്‍കുട്ടികളെയും സ്ത്രീകളെയും മനുഷ്യത്വരഹിതമാക്കുകയും ബന്ധങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് ട്രേസി വൈലാങ്കൂര് വ്യക്തമാക്കി. പ്രണയത്തിലോ ലൈംഗിക ബന്ധത്തിലോ ആര്‍ക്കും അതിക്രമങ്ങള്‍ക്ക് ഇരയാകാമെങ്കിലും ചില വിഭാഗക്കാര്‍ക്ക് കൂടുതല്‍ അപകടസാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഒന്‍പതാം ക്ലാസിലും പത്താം ക്ലാസിലുമുള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ ഒരു ദേശീയ പഠനത്തില്‍ സിസ്ജെന്‍ഡര്‍ പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍, ലിംഗഭേദമില്ലാത്ത യുവജനങ്ങള്‍ക്കും ഇരകളാകാനുള്ള സാധ്യത കൂടുതലാണെന്ന് സിപിഎസ് റിപ്പോര്‍ട്ട് ചെയ്ത ഡാറ്റ കാണിക്കുന്നു.
ഡോക്ടര്‍മാര്‍ പതിവ് പരിശോധനകള്‍ക്കിടയില്‍ കുട്ടികളുമായി ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കാനും, പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൃത്യമായ മാനസിക പിന്തുണയും കൗണ്‍സിലിംഗും ലഭ്യമാക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ സേവനം തേടാനുള്ള ബുദ്ധിമുട്ടുകളും തുടര്‍ന്നുള്ള കമ്മ്യൂണിറ്റി പിന്തുണയുടെ കുറവും ഈ പ്രശ്നം പരിഹരിക്കുന്നതില്‍ വെല്ലുവിളിയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
