ടൊറൻ്റോ : കനത്ത മൂടൽമഞ്ഞ് മൂടി ടൊറൻ്റോ നഗരം. മൂടൽമഞ്ഞിൻ്റെ ഫലമായി നഗരത്തിൽ ദൃശ്യപരത പൂജ്യത്തിനടുത്തായി കുറഞ്ഞതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ടൊറൻ്റോ സിറ്റിയിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ പ്രദേശങ്ങളും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ദൃശ്യപരത പെട്ടെന്ന് പൂജ്യത്തിനടുത്തായി കുറയുന്നതിനാൽ അപകട സാധ്യത വർധിക്കുന്നതായും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. വേഗം കുറച്ച് മുന്നിലുള്ള വാഹനത്തിന്റെ ടെയിൽ ലൈറ്റുകൾ ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

ഇന്ന് പ്രധാനമായും മേഘാവൃതമായിരിക്കും, ഇന്ന് ഉച്ചകഴിഞ്ഞ് മഴയ്ക്ക് 60 ശതമാനം സാധ്യതയും ഉയർന്ന താപനില 7 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അർദ്ധരാത്രിയോടെ മഴ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ബുധനാഴ്ച, മേഘാവൃതമായിരിക്കും. മഴ പെയ്യാൻ 40 ശതമാനം സാധ്യതയുണ്ട്. പകൽസമയത്തെ ഉയർന്ന താപനില 5 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ, വ്യാഴാഴ്ച പകൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെയാകും.
