വൻകൂവർ : ബിസി എൻഡിപിയും ഗ്രീൻസും തമ്മിലുള്ള ചർച്ച തീരുമാനത്തിലെത്തി. ഗവൺമെൻ്റും ഗ്രീൻ പാർട്ടിയും ഒരുമിച്ച് പ്രവർത്തിക്കാൻ കരാറിൽ എത്തിയതായി പ്രീമിയർ ഡേവിഡ് എബി പ്രഖ്യാപിച്ചു. പ്രവിശ്യ നിവാസികൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇരുപാർട്ടികളും സഹകരിച്ച് പ്രവർത്തിക്കുമെന്നും ഡേവിഡ് എബി വ്യക്തമാക്കി.

നാല് വർഷത്തെ കരാറിൽ ആരോഗ്യ പരിരക്ഷ, ഭവന പ്രതിസന്ധിക്ക് പരിഹാരം, കമ്മ്യൂണിറ്റികളുടെ സുരക്ഷ, ശക്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ വളർത്തൽ തുടങ്ങിയവ ഉൾപ്പെടുന്നതായി പ്രീമിയർ അറിയിച്ചു. കരാർ ഗവൺമെൻ്റിൻ്റെ സ്ഥിരതയെ ശക്തിപ്പെടുത്തുകയും ബ്രിട്ടിഷ് കൊളംബിയ നിവാസികളുടെ മുൻഗണനകൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യും. ബിസി കൺസർവേറ്റീവുകളേക്കാൾ ഒരു സീറ്റിൻ്റെ ഭൂരിപക്ഷം മാത്രമുള്ള എൻഡിപിക്ക് ഈ കരാർ ആശ്വാസമാകും. ഒക്ടോബറിൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഡേവിഡ് എബിയുടെ പാർട്ടി 47 സീറ്റുകളോടെ കേവല ഭൂരിപക്ഷം നേടി. ബിസി കൺസർവേറ്റീവുകൾക്ക് 44 സീറ്റുകളാണുള്ളത്. അതേസമയം ഗ്രീൻ പാർട്ടിക്ക് നിയമസഭയിൽ രണ്ട് സീറ്റുകളാണുള്ളത്. ഈ മാസമാദ്യം ന്യൂ ഡെമോക്രാറ്റ് അംഗം ഗ്രെയ്സ് ലോർ താൻ ക്യാൻസർ ബാധിതൻ ആണെന്നും മന്ത്രി പദവിയിൽ നിന്ന് മാറിനിൽക്കുകയാണെന്നും പ്രഖ്യാപിച്ചതോടെ എൻഡിപി സർക്കാരിൻ്റെ സ്ഥിതി കൂടുതൽ വഷളായിരുന്നു.