ഡൽഹി: ഇന്ത്യക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ആവശ്യം ആവർത്തിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. ഇന്ത്യയെ ആഗോളതലത്തിൽ മുന്നിലെത്തിക്കുന്നതിന് കഠിനാധ്വാനത്തിന്റെ പ്രാധാന്യം എന്താണെന്ന് ചെറുപ്പക്കാർ മനസിലാക്കണമെന്ന് മൂർത്തി വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആഗോള നിലവാരം ഉയർത്താൻ കഠിനാധ്വാനം ചെയ്യാൻ യുവാക്കളോട് നാരായണ മൂർത്തി ആഹ്വാനം ചെയ്യുകയും ചെയ്തു.

വർക്ക് ലൈഫ് ബാലൻസ് എന്നതിൽ വിശ്വസിക്കുന്നില്ല എന്ന് മുൻപ് നാരായണ മൂർത്തി പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. 1986ൽ ഇന്ത്യ ആഴ്ചയിൽ ആറ് പ്രവൃത്തി ദിവസം എന്നത് അഞ്ച് ആക്കി മാറ്റിയതിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചിരുന്നു. “800 ദശലക്ഷം ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ കിട്ടുന്നതിലേയ്ക്കായി നമുക്ക് നമ്മുടെ ലക്ഷ്യങ്ങളെ ഉയർത്തേണ്ടതുണ്ട്. 800 ദശലക്ഷം ഇന്ത്യക്കാർ ദാരിദ്ര്യം അനുഭവിക്കുകയാണ് എന്നാണ് അതിനർത്ഥം. നമ്മൾ കഠിനാധ്വാനം ചെയ്തില്ലെങ്കിൽ വേറെ ആരാണ് ചെയ്യുക?”-മൂർത്തി ചോദിച്ചു.
