കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 21, 22 തീയതികളിൽ കുവൈറ്റ് സന്ദർശനം നടത്തും. ഔദ്യോഗിക സന്ദർശനത്തിനായി എത്തുന്ന മോദി കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ ഉള്‍പ്പെടെയുള്ള ഭരണാധികാരികളുമായി ചർച്ച നടത്തും.
ശനിയാഴ്ച എത്തുന്ന പ്രധാനമന്ത്രി അന്ന് തന്നെ സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്കിയട്ടില്ല. എന്നിരുന്നാലും, കുവൈത്തിലെ എംബസിയുടെ നേത്യത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. പൊതുസമ്മേളനത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നതിന് കഴിഞ്ഞ ദിവസം ഗൂഗിള്‍ ഫോമും നൽകിയിരുന്നു.

1981 പ്രധാനമന്ത്രി ഇന്തിര ഗാന്ധി കുവൈറ്റ് സന്ദര്‍ശിച്ചതിന് ശേഷം എത്തുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യാഹ്യ ഈ മാസം ആദ്യം ഇന്ത്യ സന്ദര്‍ശിച്ച്, മോദിയെ കുവൈറ്റിലേക്ക് ക്ഷണിച്ചിരുന്നു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബായുമായുള്ള കൂടിക്കാഴ്ചയും മോദി നടത്തിയിരുന്നു.
