ടൊറന്റോ: വാഹനങ്ങളിൽ രഹസ്യമായി ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിച്ച് മോഷണം നടത്തിയെന്ന കേസിൽ 25കാരൻ കാനഡയിൽ അറസ്റ്റിൽ. ഗ്രേറ്റർ ടൊറന്റോ ആൻഡ് ഹാമിൽട്ടൺ ഏരിയയിൽ (GTHA) നടന്ന 14 വാഹനമോഷണങ്ങളുമായി ബന്ധപ്പെട്ടാണ് കെബെക്കിലെ സെന്റ്-ജെറോമിൽ നിന്നുള്ള ഡാരിൽ ഡവാൻസിനെ ഹാൾട്ടൺ റീജനൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 18ന് അറസ്റ്റിലായ യുവാവിനെതിരെ 29 കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മോഷണത്തിന് മുമ്പ് വാഹനങ്ങളിൽ ട്രാക്കിങ് ഉപകരണങ്ങൾ ഒളിപ്പിച്ച് അവയുടെ സ്ഥാനം നിരീക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.
ഏപ്രിലിൽ ഓക്‌വില്ലിൽ വാഹനമോഷണശ്രമവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയോടെയാണ് അന്വേഷണം ആരംഭിച്ചത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന അക്യൂട്ടാഗ് (AccuTag) ട്രാക്കർ ഉടമ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മോഷണം പോയ 14 ടൊയോട്ട, ലെക്സസ് വാഹനങ്ങൾ പ്രതിയുമായി ബന്ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വാഹനമോഷണവുമായി ബന്ധപ്പെട്ട 14 കേസുകൾ, റിലീസ് ഓർഡർ ലംഘിച്ചതിന് 14 കേസുകൾ, 5,000 കനേഡിയൻ ഡോളറിന് മുകളിലുള്ള നാശനഷ്ടവുമായി ബന്ധപ്പെട്ട ഒരു കേസ് എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഷോപ്പിങ് മാളുകൾ, ഹോട്ടൽ പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ജിപിഎസ് ബ്ലൂടൂത്ത് ട്രാക്കറുകൾ ഒളിപ്പിച്ച് പിന്നീട് വാഹനങ്ങളുടെ സ്ഥാനം നിരീക്ഷിക്കുന്ന രീതിയാണ് മോഷ്ടാക്കൾ ഉപയോഗിക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അപരിചിതമായ ട്രാക്കിങ് ഉപകരണങ്ങൾക്കായി വാഹനങ്ങൾ പതിവായി പരിശോധിക്കണമെന്നും ട്രാക്കറുകൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്പുകൾ ഉപയോഗിക്കണമെന്നും പൊലീസ് നിർദേശിച്ചു. വാഹനങ്ങളിൽ ലഭ്യമായ സുരക്ഷാ ക്യാമറ സംവിധാനങ്ങൾ സജീവമാക്കാനും ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രതിക്ക് കൂടുതൽ വാഹനമോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, പ്രതിക്കെതിരായ ആരോപണങ്ങൾ കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
