വൻകൂവർ: കാനഡയിലെ വൻകൂവറിൽ പുതിയ വീടുകളുടെ നിർമാണം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് ഈ വർഷം ജൂലൈയിൽ ഹൗസിങ് സ്റ്റാർട്ട്സ് 42 ശതമാനം കുറഞ്ഞതായി കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (CMHC) കണക്കുകൾ വ്യക്തമാക്കുന്നു. നിർമാണച്ചെലവ് കുതിച്ചുയർന്നതാണ് മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വൻകൂവറിലെ ഇപ്പോഴത്തെ സ്ഥിതി കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയണെന്ന് അർബൻ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (UDI) സി.ഇ.ഒ മൈക്ക് ഡ്രമ്മണ്ട് പറഞ്ഞു. പുതിയ വീടുകൾ നിർമിക്കുന്നതിനുള്ള ചെലവ് ഗണ്യമായി ഉയർന്നതിനാൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നത് ഡെവലപ്പർമാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വൻകൂവറിലെ ഇടിവ് കാനഡയിലെ മറ്റ് പ്രധാന നഗരങ്ങളിലേതിനേക്കാൾ രൂക്ഷമാണ്. ടൊറന്റോയിൽ ഹൗസിങ് സ്റ്റാർട്ട്സ് 10 ശതമാനം കുറഞ്ഞപ്പോൾ മണട്രിയോളിൽ മൂന്ന് ശതമാനം വർധന രേഖപ്പെടുത്തി. വൻകൂവർ, കാൽഗറി, ടൊറന്റോ തുടങ്ങിയ വിപണികളിൽ പുതിയ പദ്ധതികളുടെ എണ്ണം കുറയുന്നതായി CMHC ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് ടാനിയ ബൊറാസ-ഓച്ചോവ പറഞ്ഞു.
നിർമാണത്തിലിരിക്കുന്ന വീടുകളുടെ എണ്ണം ഇപ്പോഴും കൂടുതലായതിനാൽ സമീപകാലത്ത് ഹൗസിങ് സപ്ലൈയിലേക്ക് കൂടുതൽ വീടുകൾ എത്തുമെന്നാണ് CMHCയുടെ വിലയിരുത്തൽ. എന്നാൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിലെ പ്രതിസന്ധി വരും മാസങ്ങളിലും തുടർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

നിർമാണച്ചെലവ് കുറയ്ക്കുകയും വീടുകളുമായി ബന്ധപ്പെട്ട നികുതികളും ഫീസുകളും കുറയ്ക്കുകയും ചെയ്യേണ്ടത് അടിയന്തരമാണെന്ന് ഡ്രമ്മണ്ട് പറഞ്ഞു. 2015ൽ നിർമിച്ചിരുന്ന സമാനമായ കെട്ടിടത്തിന് ചെലവായിരുന്നതിന്റെ ഏകദേശം ഇരട്ടിയാണ് ഇന്ന് നിർമാണച്ചെലവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വൻകൂവറിൽ നിർമിച്ചെങ്കിലും വിറ്റഴിക്കപ്പെടാതെ കിടക്കുന്ന കോൺഡോ യൂണിറ്റുകളിൽ ഏകദേശം 70 ശതമാനത്തിന്റെയും വില 10 ലക്ഷം കനേഡിയൻ ഡോളറിന് മുകളിലാണെന്ന് സൈമൺ ഫ്രേസർ സർവകലാശാലയിലെ സിറ്റി പ്രോഗ്രാം ഡയറക്ടർ ആൻഡി യാൻ പറഞ്ഞു. നിലവിലുള്ള വീടുകളുടെ വില പോലും പ്രാദേശിക വരുമാനത്തിന് താങ്ങാനാകാത്ത നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.ഓരോ പുതിയ വീടിനും റോഡ്, മലിനജല സംവിധാനം, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഏകദേശം 1.07 ലക്ഷം കനേഡിയൻ ഡോളർ ചെലവാകുന്നുണ്ടെന്നും ഈ ചെലവ് ആര് വഹിക്കണമെന്നത് പ്രധാന ചോദ്യമാണെന്നും യാൻ പറഞ്ഞു.
കാനഡയിലെ വിദേശ ഭവനവാങ്ങൽ നിയന്ത്രണം 2027ൽ അവസാനിക്കാനിരിക്കെ, ഓസ്ട്രേലിയൻ മാതൃകയിൽ വിദേശ നിക്ഷേപകർക്ക് പുതിയ വീടുകൾ വാങ്ങാൻ അനുമതി നൽകുകയും നിലവിലുള്ള വീടുകൾ വാങ്ങുന്നത് നിയന്ത്രിക്കുകയും ചെയ്യാമെന്ന നിർദേശവും ഡ്രമ്മണ്ട് മുന്നോട്ടുവച്ചു. എന്നാൽ ഒരു രാജ്യത്തെ മാതൃക അതേപടി പിന്തുടരുന്നത് പരിഹാരമാകണമെന്നില്ലെന്നും കൂടുതൽ വിവരങ്ങളും പഠനവും ആവശ്യമാണെന്നും യാൻ അഭിപ്രായപ്പെട്ടു.
