തിരുവനന്തപുരം: ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക് തിരിച്ചതായി റിപോർട്ട്. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവർണർ കേരളത്തിൽ നിന്നും യാത്രയാകുന്നത്. രാജ്ഭവനിൽ ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം മൂലം പരിപാടി റദ്ദാക്കുകയായിരുന്നു.

ജനക്ഷേമകരമായി കേരളത്തിലെ സർക്കാരിന് പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ‘കേരളവുമായി ആജീവനാന്ത ബന്ധമുണ്ടാകും. സർവകലാശാല പ്രശ്നങ്ങൾ ഒഴികെ സർക്കാരുമായി മറ്റ് വിഷയങ്ങളിൽ തർക്കം ഉണ്ടായിട്ടില്ലെ’ന്നും ഗവർണർ പറഞ്ഞു. മടങ്ങുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അഡീഷണൽ ചീഫ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി ഉപഹാരം സമ്മാനിച്ചിരുന്നു. പുതിയ ഗവർണറായി രാജേന്ദ്ര ആർലെക്കർ വ്യാഴാഴ്ച ചുമതലയേൽക്കും.
