ന്യൂ ഡൽഹി : വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, എവിടെ പഠിക്കണം എന്ന് തീരുമാനിക്കുന്നതിൽ ഓരോ രാജ്യത്തിന്‍റെയും വീസ നയങ്ങൾ സ്വാധീനം ചെലുത്തുന്നു. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി എന്നിവിടങ്ങളിലെ ഇമിഗ്രേഷൻ നിയമങ്ങളിലെ സമീപകാല മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ തകർക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ജോലി ഉറപ്പാക്കുന്നതിനൊപ്പം കുടുംബത്തെ ഒപ്പം കൂട്ടുന്നതിനും ഓരോ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതിന് ആ രാജ്യങ്ങളുടെ വീസ നിയമങ്ങളും ഇപ്പോൾ അക്കാദമിക് മികവ് പോലെ തന്നെ നിർണായകമാണ്. പഠനത്തിനു ശേഷമുള്ള തൊഴിൽ അവസരങ്ങൾ, കുടിയേറ്റ പാതകൾ, ഭാഷാ മാനദണ്ഡങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഓരോ രാജ്യവും തിരഞ്ഞെടുക്കുന്നതിൽ വിദ്യാർത്ഥികൾ പരിഗണിക്കുന്നുണ്ട്.
ആഗോള വിദ്യാഭ്യാസ രംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നു. കർശനമായ യുഎസ് നിയന്ത്രണങ്ങൾ മുതൽ ജർമ്മനിയുടെ സ്വാഗത നയങ്ങൾ വരെ, ഓരോ രാജ്യവും അവരുടേതായ ഗുണദോഷങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതോടെ വിദ്യാർത്ഥികൾ ഫ്രാൻസ്, ജർമ്മനി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത് പരിഗണിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് യാത്രകൾ ചാർട്ടുചെയ്യുന്നതിന് വീസ നിയമങ്ങളെ കുറിച്ചും ഓപ്‌ഷനുകളെ കുറിച്ചും ശ്രദ്ധാപൂർവം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാത്തിനുമുപരി, ലോകം വിശാലമാണ്, അവസരങ്ങൾ കാത്തിരിക്കുന്നു.
യുഎസ്
ഒരുകാലത്ത് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രഥമ പരിഗണയിലുണ്ടായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ കർശന നിയന്ത്രണങ്ങൾ വിദ്യാർത്ഥികളെ അകറ്റുന്നു. യുഎസിൻ്റെ കർശനമായ നിയന്ത്രണങ്ങളുടെയും കൂടുതൽ സൂക്ഷ്മപരിശോധനയുടെയും ഫലമായി അപേക്ഷകൾ കുറഞ്ഞതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വർധിച്ചു വരുന്ന വീസ നിരസിക്കൽ നിരക്കും പഠനാനന്തര ജോലി സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും യുണൈറ്റഡ് സ്റ്റേറ്റ്സിനെ തിരഞ്ഞെടുക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നു. അതേസമയം ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതോടെ, ഇളവുള്ള ഗ്രീൻ കാർഡ് പാതകൾ ഉൾപ്പെടെ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അനുകൂലമായ ഇമിഗ്രേഷൻ നയങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇമിഗ്രേഷൻ ഏജൻ്റുമാർ പറയുന്നു.

യുകെ
പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികളെ താമസിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കുന്ന ഗ്രാജുവേറ്റ് വീസ പ്രോഗ്രാം യുകെ തുടരുന്നുണ്ടെങ്കിലും ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള സമീപകാല നിയന്ത്രണങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി ആയിട്ടുണ്ട്. എന്നാൽ, മിക്ക യുകെ ബിരുദാനന്തര കോഴ്‌സുകളും ഒരു വർഷം മാത്രം നീണ്ടുനിൽക്കുന്നതിനാൽ, അതിൻ്റെ ആഘാതം അത്ര ദൂരവ്യാപകമായിരിക്കില്ല.
കാനഡ
അനുകൂല വീസ നയങ്ങളും ശക്തമായ അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന കാനഡ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ വളരെക്കാലമായി പ്രിയപ്പെട്ട രാജ്യമാണ്. എന്നാൽ, കർശനമായ ഇമിഗ്രേഷൻ മാനദണ്ഡങ്ങളും വിദ്യാർത്ഥി പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുന്നതും വിദ്യാർത്ഥികളുടെ സ്വപ്നങ്ങളിൽ നിഴൽ വീഴ്ത്താൻ തുടങ്ങിയിരിക്കുന്നു. കാനഡയുടെ കർക്കശമായ ഇമിഗ്രേഷൻ മാനദണ്ഡങ്ങൾ കാരണം 2021 മുതൽ എൻറോൾമെൻ്റുകളിൽ 70% ഇടിവ് നേരിട്ടിട്ടുണ്ട്. അതേസമയം ഈ വെല്ലുവിളികൾക്കിടയിലും, 2024-ൽ കാനഡ 437,000 സ്റ്റഡി പെർമിറ്റുകൾ രാജ്യാന്തര വിദ്യാർത്ഥികൾക്ക് അനുവദിച്ചിരുന്നു.
ഓസ്‌ട്രേലിയ
2025-ൽ രാജ്യാന്തര വിദ്യാർത്ഥി പ്രവേശനം 270,000 ആയി പരിമിതപ്പെടുത്താൻ ഓസ്‌ട്രേലിയ തീരുമാനിച്ചിട്ടുണ്ട്. ഈ നീക്കം കൂടുതൽ വിദേശ വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലകൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

ജർമ്മനി
അടുത്തിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായി ജർമ്മനി ഉയർന്നുവരുന്നു. സ്‌കിൽഡ് തൊഴിലാളികൾക്ക് 90,000 വീസ അനുവദിക്കുന്നതിനുള്ള വാർഷിക പദ്ധതിയും ഭാഷാ മാനദണ്ഡങ്ങളിലെ ഇളവും ഉൾപ്പെടെയുള്ള സമീപകാല നയ മാറ്റങ്ങളും ജർമ്മനിയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നു. കൂടാതെ ലോകോത്തര വിദ്യാഭ്യാസത്തിനൊപ്പം പ്രായോഗിക തൊഴിൽ അവസരങ്ങൾ നൽകുന്നതിൽ ജർമ്മനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാർത്ഥികൾക്ക് അനുകൂല ഘടകമായി മാറുന്നു.
