Sunday, November 1, 2026

ഡീസല്‍ നികുതി ഒഴിവാക്കണം; ബജറ്റിന് മുന്നോടിയായി സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷം

ഓട്ടവ: നവംബര്‍ 5-ന് ഫെഡറല്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ
ഫെഡറല്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയര്‍ പൊളിയേവ്. കാനഡ ദിനമായ ജൂലൈ 1 വരെ ഡീസലിന്മേലുള്ള എല്ലാ ഫെഡറല്‍ നികുതികളും ജിഎസ്ടിയും (GST) താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് അയച്ച കത്തിലാണ് പൊളിയേവ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇന്ധനത്തിന്മേലുള്ള ജിഎസ്ടിയും ഫ്യുവല്‍ സ്റ്റാന്‍ഡേര്‍ഡ് ടാക്‌സും ഒഴിവാക്കുന്നത് ക്രിസ്മസ് കാലയളവിലും തുടര്‍ന്നുള്ള മാസങ്ങളിലും സാധാരണക്കാരുടെയും വ്യാപാരികളുടെയും സാമ്പത്തിക ഭാരം കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഡിപിയുമായുള്ള (GDP) താരതമ്യത്തില്‍ രാജ്യത്തിന്റെ കടവും ധനകമ്മി നിരക്കും കുറയ്ക്കുമെന്ന മുന്‍ വാഗ്ദാനം പാലിക്കണമെന്നും അനാവശ്യവും പണപ്പെരുപ്പത്തിന് കാരണമാകുന്നതുമായ സര്‍ക്കാര്‍ ചെലവഴിക്കലുകള്‍ വെട്ടിച്ചുരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

‘നിങ്ങള്‍ അധികാരമേറ്റ ശേഷം രാജ്യത്ത് ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നു. ആഗോള പ്രതിസന്ധികള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കിലും സ്വന്തം തീരുമാനങ്ങളിലൂടെ രാജ്യത്തെ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്,’ പൊളിയേവ് ആരോപിച്ചു.

പാര്‍ലമെന്ററി ബജറ്റ് ഓഫീസിന്റെ (PBO) പ്രവചനപ്രകാരം വരും വര്‍ഷങ്ങളില്‍ കാനഡയുടെ ധനകമ്മി ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി 63.3 ശതകോടി ഡോളറായിരിക്കുമെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് 70.2 ശതകോടി ഡോളറിലേക്ക് ഉയരുമെന്നും പിബിഒ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കൂടുതല്‍ ശക്തവും സുരക്ഷിതവും ജനങ്ങള്‍ക്ക് താങ്ങാനാവുന്നതുമായ ഒരു കാനഡ പടുത്തുയര്‍ത്താനുള്ള പദ്ധതികളാകും വരാനിരിക്കുന്ന ബജറ്റിലുണ്ടാകുക എന്ന് ധനമന്ത്രി ഫ്രാന്‍സിസ്-ഫിലിപ്പ് ചാമ്പെയ്ന്‍ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!