Tuesday, August 4, 2026

ഒന്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീമിന് തുടക്കം; പുതിയ EOI പോർട്ടൽ തുറന്നു

ടൊറന്റോ: ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) ഭാഗമായി പുതിയ ഒന്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എക്‌സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) രജിസ്ട്രേഷൻ പോർട്ടൽ പ്രവർത്തനം ആരംഭിച്ചതായി ഒന്റാരിയോ സർക്കാർ അറിയിച്ചു.

നാഷണൽ ഒക്ക്യുപേഷണൽ ക്ലാസിഫിക്കേഷന്റെ (NOC) TEER 0 മുതൽ TEER 5 വരെയുള്ള വിഭാഗങ്ങളിലെ തൊഴിൽ ഓഫറുകളുള്ള വിദേശ തൊഴിലാളികൾക്ക് പുതിയ സ്ട്രീമിലൂടെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടാതെ, തൊഴിൽ ഓഫർ ആവശ്യമില്ലാതെ സ്വയം തൊഴിൽ ചെയ്യുന്ന ഡോക്ടർമാർക്കും ഈ പദ്ധതിയിലൂടെ സ്ഥിരതാമസത്തിനായി അപേക്ഷിക്കാനാകും.

ഒന്റാരിയോയിലെ തൊഴിൽ വിപണിയിൽ നിലനിൽക്കുന്ന നൈപുണ്യ ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്ട്രീം ആരംഭിച്ചിരിക്കുന്നത്. അപേക്ഷകർ അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിനായി OINPയുടെ അപേക്ഷാ മാർഗനിർദേശങ്ങളും ഔദ്യോഗിക വിവരങ്ങളും പുതുക്കിയിട്ടുണ്ട്.

പദ്ധതിയിലൂടെ അപേക്ഷിക്കുന്നവർ ആദ്യം സൗജന്യമായി എക്‌സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) രജിസ്റ്റർ ചെയ്യണം. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത, ഭാഷാപ്രാവീണ്യം, തൊഴിൽപരിചയം, ഒന്റാരിയോയിലെ തൊഴിൽ ഓഫർ എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്കിങ് തയ്യാറാക്കും. തുടർന്ന് ഉയർന്ന സ്കോർ നേടുന്നവർക്ക് സ്ഥിരതാമസ നോമിനേഷനായി അപേക്ഷിക്കാനുള്ള ക്ഷണം നൽകും.

EOI രജിസ്ട്രേഷന് 12 മാസത്തെ കാലാവധിയുണ്ട്. ഈ കാലയളവിനുള്ളിൽ ക്ഷണം ലഭിക്കാത്ത അപേക്ഷകൾ രജിസ്ട്രേഷൻ പൂളിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യപ്പെടും. ജോബ് ഓഫർ അടിസ്ഥാനമാക്കിയുള്ള സ്ട്രീമുകളിൽ അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കുന്നവർ 17 കലണ്ടർ ദിവസങ്ങൾക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം.

നോമിനേഷൻ ലഭിച്ചവർക്ക് ഫെഡറൽ സർക്കാരിന്റെ എക്സ്പ്രസ് എൻട്രി അല്ലെങ്കിൽ നോൺ-എക്സ്പ്രസ് എൻട്രി സംവിധാനങ്ങളിലൂടെ സ്ഥിരതാമസത്തിനായി അപേക്ഷിക്കാം. അപേക്ഷയിലും EOI പ്രൊഫൈലിലും തെറ്റായ വിവരങ്ങൾ നൽകുന്നത് അപേക്ഷ നിരസിക്കപ്പെടുന്നതിനും ഭാവിയിൽ കാനഡയിലേക്കുള്ള കുടിയേറ്റ അപേക്ഷകളിൽ അഞ്ച് വർഷം വരെ വിലക്ക് നേരിടുന്നതിനും കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, നിലവിൽ ONe-key ലോഗിൻ ഉപയോഗിക്കുന്നവർ പുതിയ Ontario.ca ലോഗിൻ സംവിധാനത്തിലേക്ക് മാറണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!