ഓട്ടവ : വിജയിയെ പ്രഖ്യാപിക്കാൻ രണ്ടാഴ്ചയും വോട്ടിങ് ആരംഭിക്കാൻ രണ്ട് ദിവസവും മാത്രം ശേഷിക്കെ, ലിബറൽ പാർട്ടി ഓഫ് കാനഡ നേതൃത്വ മത്സരത്തിലെ സ്ഥാനാർത്ഥികളുടെ ആദ്യ സംവാദം ഇന്ന് മൺട്രിയോളിൽ നടക്കും. രണ്ടു തത്സമയ സംവാദങ്ങളിൽ ഫ്രഞ്ച് ഭാഷയിലുള്ള സംവാദമാണ് ഇന്ന് നടക്കുക. ഇംഗ്ലീഷ് ഭാഷാ സംവാദം ചൊവ്വാഴ്ച മൺട്രിയോളിൽ തന്നെ നടക്കും. മുൻ TVA-Québec അവതാരകൻ പിയറി ജോബിൻ ഇന്ന് രാത്രി ഫ്രഞ്ച് ഭാഷാ സംവാദത്തിൽ മോഡറേറ്ററാകും. രണ്ടാം സംവാദത്തിൽ മുൻ സിബിസി ഹോസ്റ്റ് ഹന്ന തിബെഡോ മോഡറേറ്ററാകുമെന്ന് പ്രതീക്ഷിക്കുന്നു. ലിബറൽ അനുകൂലികൾക്ക് സ്ഥാനാർത്ഥികളെ ഒരുമിച്ച് കാണാനുള്ള ഒരേയൊരു അവസരമാണ് ഈ രണ്ട് സംവാദങ്ങൾ. സംവാദങ്ങൾക്ക് പിന്നാലെ ബുധനാഴ്ച, പാർട്ടി അംഗങ്ങൾക്കുള്ള മുൻകൂർ വോട്ടിങ് ആരംഭിക്കും. വിജയിയെ മാർച്ച് 9-ന് പ്രഖ്യാപിക്കും.

മുൻ ബാങ്ക് ഓഫ് ഗവർണർ മാർക്ക് കാർണി, മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, മുൻ ഹൗസ് ലീഡർ കരീന ഗൗൾഡ്, മുൻ എംപി ഫ്രാങ്ക് ബെയ്‌ലിസ് എന്നിവർ മാത്രമാണ് മത്സരരംഗത്തുള്ളത്. പാർട്ടി നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് മറ്റൊരു മത്സരാർത്ഥിയായായിരുന്ന ഒൻ്റാരിയോ മുൻ എംപി റൂബി ധല്ലയെ വെള്ളിയാഴ്ച പാർട്ടി അയോഗ്യയാക്കിയിരുന്നു. എന്നാൽ, വീണ്ടും മത്സരിക്കുന്നതിനായി അപ്പീൽ നൽകിയതായി അവർ അറിയിച്ചു.