എഡ്മിന്‍റൻ : ആരോഗ്യ കരാറുകളിലെ അഴിമതി ആരോപണത്തെ തുടർന്ന് ആൽബർട്ടയിലെ ഇൻഫ്രാസ്ട്രക്ചർ മന്ത്രി പീറ്റർ ഗുത്രി രാജിവച്ചു. ആരോഗ്യ കരാറുകളിൽ ഉയർന്ന അഴിമതി ആരോപണത്തെത്തുടർന്ന് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ചിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ഈ മാസം ആദ്യം പീറ്റർ ഗുത്രി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എയർഡ്രി-കൊക്രെയ്ൻ റൈഡിങ്ങിൽ നിന്നും 2019-ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പീറ്റർ ഗുത്രി 2023-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ അദ്ദേഹം അടിസ്ഥാന സൗകര്യ വികസന മന്ത്രിയായി ചുമതലയേറ്റു. അതിനുമുമ്പ് അദ്ദേഹം ഊർജ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

മെഡിക്കൽ ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ നടപടിക്രമങ്ങൾക്കുമായി ആൽബർട്ടയിലെ ഉന്നതതല ഉദ്യോഗസ്ഥർ കോടിക്കണക്കിന് ഡോളറിന്‍റെ ഇടപാടുകൾ നടത്തിയെന്നും, ഇതിനായുള്ള ഒത്തുകളിയിലും വ്യക്തി താല്പര്യങ്ങളിലും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ പുറത്താക്കപ്പെട്ട ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) മേധാവി അഥാന മെൻ്റ്സെലോപൗലോസാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. പ്രീമിയർ ഡാനിയേൽ സ്മിത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫിനെപ്പറ്റിയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.