മൺട്രിയോൾ : യുഎസിൽ നിന്നുള്ള താരിഫ് ഭീഷണി നിലനിൽക്കുന്നതിനാൽ പുതിയ സാമ്പത്തിക സഖ്യം രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തി രണ്ടു ദിവസത്തെ ലിബറൽ നേതൃത്വ സംവാദത്തിന് മൺട്രിയോളിൽ തുടക്കമായി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കാനഡ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ട്രംപ്. അതിനാൽ യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുമായി ഒരു പുതിയ സാമ്പത്തിക സഖ്യം രൂപീകരിക്കണമെന്ന ആവശ്യം സംവാദത്തിൽ ഉയർന്നു വന്നു.
മുൻ TVA-Québec അവതാരകൻ പിയറി ജോബിൻ നിയന്ത്രിച്ച, തിങ്കളാഴ്ച രാത്രി നടന്ന ഫ്രഞ്ച് ഭാഷാ സംവാദത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള ബന്ധവും അദ്ദേഹത്തിൻ്റെ താരിഫ് ഭീഷണിയും പ്രധാന വിഷയമായി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയാകാൻ മത്സരിക്കുന്ന ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണി, മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, മുൻ ഗവൺമെൻ്റ് ഹൗസ് ലീഡർ കരീന ഗൗൾഡ്, മുൻ എംപി ഫ്രാങ്ക് ബെയ്‌ലിസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

ലിബറൽ അനുകൂലികൾക്ക് സ്ഥാനാർത്ഥികളെ ഒരുമിച്ച് കാണാനുള്ള ഒരേയൊരു അവസരമാണ് ഈ രണ്ട് സംവാദങ്ങൾ. സംവാദങ്ങൾക്ക് പിന്നാലെ ബുധനാഴ്ച, പാർട്ടി അംഗങ്ങൾക്കുള്ള മുൻകൂർ വോട്ടിങ് ആരംഭിക്കും. മാർച്ച് 9-ന് പ്രഖ്യാപിക്കുന്ന മത്സരത്തിലെ വിജയി, ട്രൂഡോയ്ക്ക് പകരം ലിബറൽ നേതാവും പ്രധാനമന്ത്രിയുമാകും. എന്നാൽ, ഉടൻ തന്നെ ഫെഡറൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നുവരെയുള്ള സർവേകളുടെയും ധനസമാഹരണത്തിൻ്റെയും അടിസ്ഥാനത്തിൽ, മാർക്ക് കാർണിക്കാണ് വിജയസാധ്യത. അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വം കൺസർവേറ്റീവുകളുമായുള്ള പോളിങ് വിടവ് നികത്താൻ ലിബറലുകളെ സഹായിച്ചതായി അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നു.