വിനിപെഗ് : മാനിറ്റോബയിലെ ആയിരക്കണക്കിന് അലൈഡ് ഹെൽത്ത് കെയർ പ്രൊഫഷണലുകൾ പണിമുടക്കുന്നു. പ്രവിശ്യാ സർക്കാരുമായി കരാറിലെത്തിയില്ലെങ്കിൽ മാർച്ച് ഏഴ് പുലർച്ചെ 12:01-ന് സമരം ആരംഭിക്കുമെന്ന് മാനിറ്റോബ അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊഫഷണലുകൾ (MAHCP) അറിയിച്ചു. 11 മാസമായി ജീവനക്കാർ കരാറില്ലാതെയാണ് ജോലി ചെയ്യുന്നതെന്ന് 7,000 അലൈഡ് ഹെൽത്ത് കെയർ പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന യൂണിയൻ പറയുന്നു. ജീവനക്കാരുടെ കുറവും വർധിച്ച ജോലിഭാരവും ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നതായും യൂണിയൻ പറഞ്ഞു.

അടിയന്തര ശസ്ത്രക്രിയകൾ, നോൺ എമർജൻ്റ് ലാബ്, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകൾ, കാൻസർകെയറിലെ റേഡിയേഷൻ ചികിത്സകൾ, ഹോം കെയർ സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾക്ക് പണിമുടക്ക് തടസ്സം സൃഷ്ടിക്കുമെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. അതേസമയം വിനിപെഗ്, ചർച്ചിൽ, നോർത്തേൺ ഹെൽത്ത്, ഷെയർഡ് ഹെൽത്ത് മേഖലകളിൽ, പണിമുടക്ക് ഉണ്ടായാൽ അവശ്യ സേവനങ്ങൾ തുടരുമെന്ന് ഉറപ്പാക്കാൻ മിനിമം ജീവനക്കാരെ നിയോഗിക്കാൻ അനുവദിക്കുന്ന കരാറുകൾ നിലവിലുണ്ടെന്ന് MAHCP അറിയിച്ചു.