മൺട്രിയോൾ : നഗരത്തിൽ ഈ ആഴ്‌ച കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ 15 മുതൽ 25 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസം താപനില 5 ഡിഗ്രിയിലേക്കും പിന്നീട് 6 ഡിഗ്രി സെൽഷ്യസിലേക്കും ഉയരും. എന്നാൽ, വ്യാഴാഴ്ച രാത്രി താപനില മൈനസ് 6 ഡിഗ്രി സെൽഷ്യസായി കുറയും.

ഇന്ന്, ഉച്ചകഴിഞ്ഞ് മേഘാവൃതമായിരിക്കും. രാവിലെ താപനില മൈനസ് 5 ഡിഗ്രി സെൽഷ്യസും ഉച്ചക്ക് മൈനസ് 11 ഡിഗ്രി സെൽഷ്യസും ആയിരിക്കും. എന്നാൽ, കാറ്റിനൊപ്പം തണുപ്പ് മൈനസ് 26 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. രാത്രിയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഒപ്പം താപനില മൈനസ് അഞ്ചും കാറ്റിനൊപ്പം മൈനസ് പതിനൊന്നുമായി അനുഭവപ്പെടും. ചൊവ്വാഴ്‌ച, ഉച്ചകഴിഞ്ഞ് മഞ്ഞുവീഴ്ച ആരംഭിക്കും. 2 മുതൽ 4 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ പൂജ്യം ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. കാറ്റിനൊപ്പം തണുപ്പ് മൈനസ് 9 ഡിഗ്രി സെൽഷ്യസായി കുറയും. രാത്രിയിൽ മഴയും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച, തെളിഞ്ഞ ആകാശത്തോടെ ആരംഭിക്കും. തുടർന്ന് രാത്രിയിൽ മഴയും താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച, തണുപ്പ് മൈനസ് ഒരു ഡിഗ്രി സെൽഷ്യസും രാത്രിയിൽ മേഘാവൃതവും താപനില മൈനസ് 10 സെൽഷ്യസുമായിരിക്കും.
