ടൊറൻ്റോ : പക്ഷിപ്പനി ഭീതിയിൽ പീൽ മേഖല. പ്രദേശത്ത് ധാരാളം കാട്ടുപക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പക്ഷിപ്പനി പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി പീൽ പബ്ലിക് ഹെൽത്ത്. ഏതുതരം പക്ഷികളെയാണ് കണ്ടെത്തിയതെന്ന് ആരോഗ്യ ഏജൻസി വ്യക്തമാക്കിയിട്ടില്ല. മരണകാരണം കൃത്യമായി കണ്ടെത്താൻ കനേഡിയൻ വൈൽഡ് ലൈഫ് ഹെൽത്ത് കോഓപ്പറേറ്റീവ് പക്ഷികളെ പരിശോധിക്കുന്നുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു.

അതേസമയം പക്ഷിപ്പനി ഉണ്ടെന്ന് സംശയിക്കുന്ന ജലപക്ഷികളെ കഴിഞ്ഞ മാസം അവസാനം ബ്രാംപ്ടണിലെ മെയ്ഫീൽഡ് റോഡിനും ഗോർ റോഡിനും സമീപം കണ്ടെത്തിയിരുന്നു. ജനുവരിയിൽ കാലിഡണിലെ ബോൾട്ടണിലെ സൗത്ത്ഫീൽഡ് വില്ലേജിലുള്ള കുളങ്ങളിൽ ചത്ത കാട്ടുതാറാവുകളെയും അധികൃതർ കണ്ടെത്തി.

പക്ഷിപ്പനി അഥവ ഏവിയൻ ഇൻഫ്ലുവൻസ പ്രധാനമായും കാട്ടുപക്ഷികളെയാണ് ബാധിക്കുന്നത്. ഇവരിൽ നിന്നും കോഴികൾക്കും മറ്റ് സസ്തനികൾക്കും പക്ഷിപ്പനി പകരാമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. എന്നാൽ, പക്ഷികളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണ്. പീൽ മേഖലയിലോ ഒൻ്റാരിയോയിലോ മനുഷ്യരിൽ ഏവിയൻ ഇൻഫ്ലുവൻസ ബാധിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. അസുഖമുള്ളതോ ചത്തതോ ആയ കാട്ടുപക്ഷികളെ കണ്ടെത്തുകയാണെങ്കിൽ, പ്രാദേശിക മുനിസിപ്പൽ മൃഗ നിയന്ത്രണ വകുപ്പുമായോ കനേഡിയൻ വൈൽഡ് ലൈഫ് ഹെൽത്ത് കോഓപ്പറേറ്റീവുമായോ ബന്ധപ്പെടണം.