ടൊറൻ്റോ : ബോമാൻവിൽ നഗരത്തിൽ തീപിടിച്ച് കത്തിനശിച്ച കെട്ടിടത്തിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി ദുർഹം റീജനൽ പൊലീസ് സർവീസ് (DRPS). കഴിഞ്ഞ വ്യാഴാഴ്ച ടെമ്പറൻസ് സ്ട്രീറ്റിന് സമീപമുള്ള 69-75 സെൻ്റ് കിങ് ഡബ്ല്യു-വിലെ റെസിഡൻഷ്യൽ/കൊമേഴ്‌സ്യൽ കെട്ടിടത്തിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഒൻ്റാരിയോ ഫയർ മാർഷൽ (OFM) കെട്ടിടത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ, ആരാണ് മരിച്ചതെന്ന് വ്യക്തമല്ല.

കെട്ടിടത്തിൻ്റെ മൂന്നാം നിലയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ വാടകക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. മറ്റു പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 1-888-579-1520 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് DRPS അഭ്യർത്ഥിച്ചു.
