ടൊറൻ്റോ : നഗരത്തിലെ റോഡുകൾ കുഴിയായതോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ച് ടൊറൻ്റോ സിറ്റി. ‘റിപ്പയർ ബ്ലിറ്റ്‌സ്’ എന്ന പേരിൽ വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് ആരംഭിച്ച ജോലിയിലൂടെ നഗരത്തിലെ നിരവധി കുഴികൾ നികത്തിയതായി സിറ്റി അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് ആറരയ്ക്ക് ബ്ലിറ്റ്‌സ് അവസാനിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതിനായി നഗരത്തിലുടനീളം 235 ജീവനക്കാരെ നിയോഗിച്ചിരുന്നു. ജനുവരി ഒന്ന് മുതൽ അറ്റകുറ്റപ്പണികളിലൂടെ നഗരത്തിലുടനീളമുള്ള അമ്പതിനായിരത്തിലധികം കുഴികൾ നികത്തിയതായി സിറ്റി അധികൃതർ അറിയിച്ചു.

ടൊറൻ്റോയെ സംബന്ധിച്ചിടത്തോളം കുഴികൾ പുതിയ കാര്യമല്ല. വർഷങ്ങളായി ഡ്രൈവർമാർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണിത്. 2024 ഏപ്രിലിൽ, ഹൈവേ 401-ൽ ഒരു ആഴത്തിലുള്ള കുഴിയിൽ വീണ് 12 വാഹനങ്ങളുടെ ടയർ തകരാറിലായിരുന്നു. അതേസമയം കുഴികളുടെ അറ്റകുറ്റപ്പണികൾ നഗരസഭയ്ക്ക് ചെലവേറിയതും നിരന്തരമായതുമായ വെല്ലുവിളിയായി തുടരുന്നു. ഇതിനകം, 2025-ൽ മാത്രം അറ്റകുറ്റപ്പണികൾക്കായി നഗരം 55 ലക്ഷം ഡോളർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

311 ടൊറൻ്റോ മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായോ 311 എന്ന നമ്പറിൽ വിളിച്ച് ജനങ്ങൾക്ക് നഗരത്തിലെ കുഴികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാമെന്ന് ടൊറൻ്റോ ജനറൽ മാനേജർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ സർവീസസ് ബാർബറ ഗ്രേ അറിയിച്ചു.
