ഓട്ടവ : ഫെഡറൽ ഗവൺമെൻ്റിൻ്റെ താൽക്കാലിക നികുതി ഇളവ് അവസാനിച്ചതോടെ ഫെബ്രുവരിയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ. ജനുവരിയിലെ 1.9 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് ചൊവ്വാഴ്ച പുറത്തിറക്കാനിരിക്കെയാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാൽ, ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്കിൽ മാർച്ചിൽ ആരംഭിച്ച അമേരിക്കയുമായുള്ള കാനഡയുടെ താരിഫ് യുദ്ധത്തിൻ്റെ നേരിട്ടുള്ള ആഘാതം പ്രതിഫലിപ്പിക്കില്ല.

നികുതി ഇളവ് പണപ്പെരുപ്പത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബിഎംഒ മാനേജിംഗ് ഡയറക്ടറും മാക്രോ സ്ട്രാറ്റജിസ്റ്റുമായ ബെഞ്ചമിൻ റീറ്റ്‌സെസ് പറയുന്നു. ഫെബ്രുവരിയിൽ പണപ്പെരുപ്പം 2.2 ശതമാനമായി ഉയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. പണപ്പെരുപ്പം ഉയരുന്നത് തുടരുമെന്നും അടുത്തെങ്ങും നിരക്ക് കുറയാൻ സാധ്യത ഇല്ലെന്നും റീറ്റ്സെസ് അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് ബാങ്ക് ഓഫ് കാനഡ നിരക്ക് കുറയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഫെബ്രുവരിയിൽ പണപ്പെരുപ്പം 2.5 ശതമാനത്തിൽ എത്തുമെന്ന് റോയൽ ബാങ്ക് ഓഫ് കാനഡ സാമ്പത്തിക വിദഗ്ധരായ നഥാൻ ജാൻസെനും കാരി ഫ്രീസ്റ്റോണും പറയുന്നു. നികുതി ഇളവ് അവസാനിച്ചതോടെ ജീവിതച്ചെലവ് ഉയരാൻ കാരണമാകുമെന്നും ഇരുവരും പ്രവചിക്കുന്നു. കൂടാതെ ബാങ്ക് ഓഫ് കാനഡ വീണ്ടും കൂടുതൽ പലിശനിരക്ക് കുറയ്ക്കുമെന്നും നഥാൻ ജാൻസെനും കാരി ഫ്രീസ്റ്റോണും റിപ്പോർട്ട് ചെയ്തു.