ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകൾ പുതിയ ആഴ്ച കനത്ത മഞ്ഞുവീഴ്ചയോടും മഞ്ഞുമഴയോടും കൂടി ആരംഭിക്കും. നോവസ്കോഷ, ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു.
ന്യൂബ്രൺസ്വിക്
തെക്കുപടിഞ്ഞാറൻ, തെക്ക്-മധ്യ ന്യൂബ്രൺസ്വിക്കിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച 40 മുതൽ 60 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഫണ്ടി തീരത്താണ് ഏറ്റവും കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും റോഡുകളിൽ വെള്ളക്കെട്ടും പ്രതീക്ഷിക്കണം. ചൊവ്വാഴ്ച ഉച്ചയോടെ തെക്കുകിഴക്കൻ ന്യൂബ്രൺസ്വിക്കിൽ മഞ്ഞുമഴ ആരംഭിക്കും. തുടർന്ന് വൈകിട്ടോടെ മഞ്ഞുമഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
താപനില കുറയുകയും കനത്ത മഞ്ഞുവീഴ്ച ആരംഭിക്കുകയും ചെയ്യുന്നതിനാൽ പ്രിൻസ് എഡ്വേഡ് ഐലൻഡ് മുഴുവനും ചൊവ്വാഴ്ച വരെ പ്രത്യേക കാലാവസ്ഥാ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്‌ച രാവിലെ മുതൽ നാലു മണിക്കൂർ മഞ്ഞുവീഴ്ച നീണ്ടു നിൽക്കും. ഒരുപക്ഷേ വൈകുന്നേരം വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. യൂട്ടിലിറ്റി ലൈനുകളിൽ അടക്കം മഞ്ഞ് അടിഞ്ഞുകൂടുന്നത് വൈദ്യുതി മുടക്കത്തിന് അടക്കം കാരണമാകുമെന്ന് ഏജൻസി അറിയിച്ചു.
നോവസ്കോഷ
പ്രവിശ്യയിലെ നിരവധി പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയ്ക്കും സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കംബർലാൻഡ് കൗണ്ടി നോർത്ത്, കോബെക്വിഡ് പാസ് എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുതൽ വൈകുന്നേരം വരെ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയുമാണ് പ്രതീക്ഷിക്കുന്നത്.