ടൊറൻ്റോ : ദുരന്തമായി ഓഷവയിൽ വീട്ടിലുണ്ടായ തീപിടിത്തം. അമ്മയ്ക്കും സഹോദരിക്കും പിന്നാലെ 12 വയസ്സുള്ള പെൺകുട്ടി കൂടി മരിച്ചതായി ദുർഹം റീജനൽ പൊലീസ് സ്ഥിരീകരിച്ചു. മാർച്ച് 12-ന് രാവിലെ എട്ടു മണിയോടെ നസ്സൗ സ്ട്രീറ്റിനും ജോൺ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള മക്ഗ്രിഗർ സ്ട്രീറ്റിലുള്ള വീടിനാണ് തീപിടിച്ചത്.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ വീടിന് പുറത്ത് 56 വയസ്സുള്ള ഒരാളെ കണ്ടെത്തി. തീ ആളിപ്പടർന്ന വീടിനുള്ളിൽ തൻ്റെ ഭാര്യയും രണ്ട് കുട്ടികളും അകപ്പെട്ടതായി അയാൾ വെളിപ്പെടുത്തി. കനത്ത തീയും പുകയും പടർന്ന വീടിനുള്ളിൽ നിന്നും മൂന്ന് പേരെയും രക്ഷപ്പെടുത്തിയതായി ഓഷവ ഫയർഫോഴ്‌സ് അറിയിച്ചു. തീപൊള്ളലേറ്റ് 46 വയസ്സുള്ള യുവതിയെയും ഒമ്പത് വയസ്സുള്ള പെൺകുട്ടിയെയും ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ഭർത്താവിനെയും ദമ്പതികളുടെ 12 വയസ്സുള്ള മകളെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 17-ന് പുലർച്ചെ രണ്ടാമത്തെ കുട്ടിയും മരിച്ചതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിൽ ഉണ്ടായ മുറിവുകളാണ് മരണകാരണമെന്ന് കരുതുന്നു. പുക ശ്വസിച്ചതിനെ തുടർന്ന് ഏഴ് ഡിആർപിഎസ് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അഗ്നിബാധയുടെ കാരണം, ഉത്ഭവം, സാഹചര്യങ്ങൾ എന്നിവ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.