വിനിപെഗ് : കൺസർവേറ്റീവ് പാർട്ടി, സർക്കാർ രൂപീകരിച്ചാൽ മാനിറ്റോബയിലെ ചർച്ചിൽ തുറമുഖ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് പാർട്ടി ലീഡർ പിയേർ പൊളിയേവ്. ശനിയാഴ്ച രാവിലെ വിനിപെഗിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയോടുള്ള മുൻ ഫെഡറൽ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളെ മാനിക്കുന്നുണ്ടെന്നും എന്നാൽ, ലിബറൽ ഗവൺമെൻ്റിന് കീഴിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കില്ലെന്നും പിയേർ പറയുന്നു.

തുറമുഖ അടിസ്ഥാന സൗകര്യ പദ്ധതികൾ അനന്തമായ കാലതാമസത്തിലും ബ്യൂറോക്രസിയിലും കുടുങ്ങിക്കിടക്കുന്നു, അതിനാൽ അനുമതി ലഭിക്കാൻ വർഷങ്ങളെടുക്കും, അദ്ദേഹം പറഞ്ഞു. ഈ കാലതാമസം ഒഴിവാക്കാൻ നിയമനിർമ്മാണം നടപ്പിലാക്കുമെന്നും പിയേർ പൊളിയേവ് പ്രഖ്യാപിച്ചു. ചർച്ചിൽ തുറമുഖത്ത് നിന്ന് റെയിൽ വഴിയോ പൈപ്പ് ലൈൻ വഴിയോ എണ്ണ കയറ്റുമതി ചെയ്യാനുള്ള പദ്ധതിയും സർക്കാർ ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.