മൺട്രിയോൾ : അക്കാദമിക് ആവശ്യങ്ങൾക്കായി യുഎസിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി യൂണിവേഴ്സിറ്റി ഡി മൺട്രിയോൾ. വിദ്യാർത്ഥികളും ജീവനക്കാരും യാത്രാവിവരങ്ങൾ സ്ഥാപനത്തെ അറിയിക്കണമെന്നും അപകടസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും റെക്ടർ ഡാനിയൽ ജുട്രാസ് നിർദ്ദേശിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ തടങ്കലിലാക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്ത യുഎസ് നടപടിയെ തുടർന്നാണ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇതുവരെ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡാനിയൽ ജുട്രാസ് അറിയിച്ചു.

വിദ്യാർത്ഥികൾ കാനഡയിൽ നിന്നും യുഎസിലേക്ക് യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. കൂടാതെ യുഎസിൽ പ്രവേശിക്കുമ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ യുഎസ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നത് ശ്രദ്ധിക്കണമെന്നും യൂണിവേഴ്സിറ്റി ഡി മൺട്രിയോൾ പുറപ്പെടുവിച്ച മെമ്മോയിൽ പറയുന്നു. തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ സെൻസിറ്റീവ് അക്കാദമിക് വിവരങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും റെക്ടർ ഡാനിയൽ ജുട്രാസ് മുന്നറിയിപ്പ് നൽകി.