ഓട്ടവ : അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ശക്തമായ നിലപാട് അമേരിക്കയിലേക്കുള്ള യാത്രയിൽ പ്രശ്നം സൃഷ്ടിക്കുന്നതായി കനേഡിയൻ പൗരന്മാർ. കാര്‍, ട്രക്ക് തുടങ്ങിയ വാഹനങ്ങളില്‍ അതിര്‍ത്തി കടക്കുന്ന കനേഡിയന്‍ പൗരന്മാർക്കിടയിൽ ആശങ്ക വർധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിര്‍ത്തിയില്‍ യുഎസ് എന്‍ഫോഴ്സ്മെൻ്റ് കനേഡിയന്‍ പൗരന്മാരെ തടഞ്ഞുവെക്കുകയോ ഗ്രീന്‍ കാര്‍ഡ് ഉടമകളെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. അടുത്ത നാല് വര്‍ഷത്തേക്ക് പ്രശ്നങ്ങൾ തുടരുമെന്നാണ് കരുതുന്നത്.

കാനഡ-യുഎസ് അതിർത്തിയിൽ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ ഫോണുകള്‍ പരിശോധിക്കുന്നത് അസാധാരണമല്ല. എന്നാൽ, നിലവിൽ അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തിയതോടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന കനേഡിയന്‍ പൗരന്മാർ ശരിയായ യാത്രാരേഖകൾ കൈവശം കരുതണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് വാഹനത്തിൽ പ്രവേശിക്കുന്നതില്‍ ആശങ്കയുള്ളവര്‍ പകരം വിമാന യാത്ര പരിഗണിക്കണമെന്നും അധികൃതർ പറയുന്നു.