ടൊറൻ്റോ : മധ്യ, കിഴക്കൻ ഒൻ്റാരിയോയിൽ വാരാന്ത്യത്തിൽ വീശിയടിച്ച ശീത കൊടുങ്കാറ്റിനെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുതി പൂർണ്ണമായി പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്ന് ഹൈഡ്രോ വൺ. തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ, നാല് ലക്ഷത്തോളം ഉപയോക്താക്കളെ ബാധിക്കുന്ന മൂവായിരത്തിലധികം തകരാറുകൾ റിപ്പോർട്ട് ചെയ്തതായി പ്രവിശ്യാ യൂട്ടിലിറ്റി അറിയിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കാനാണ് മുൻഗണന നൽകുന്നതെന്ന് ഹൈഡ്രോ വൺ പറയുന്നു. മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകള്‍ വന്നതാണ് വൈദ്യുതി തടസ്സത്തിന് കാരണം.

മരങ്ങൾ ഒടിഞ്ഞുവീണ് പതിനായിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി തടസ്സപ്പെട്ടതോടെ ഞായറാഴ്ച പീറ്റർബറോ സിറ്റി, ഒറിലിയ, ബ്രോക്ക് ടൗൺഷിപ്പ് എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു. ബാരി, പെനെറ്റാൻഗ്വിഷെൻ, റിച്ച്മണ്ട് ഹിൽ എന്നിവിടങ്ങളിലെ ഏകദേശം 18,000 ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്.