പോർട്ട് മൂഡി, ബ്രിട്ടിഷ് കൊളംബിയ : എന്‍ഡിപി സര്‍ക്കാര്‍ രൂപീകരിച്ചാൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്ന് പാർട്ടി ലീഡർ ജഗ്മീത് സിങ്. ഫെഡറൽ ഗവൺമെൻ്റ് സമ്പന്നരായ ഡെവലപ്പർമാർക്ക് മാത്രമാണ് വായ്പ നൽകുന്നത്. എന്നാൽ, മോർഗെജിന് അർഹതയുള്ളവർക്കും ബാങ്ക് നിരക്കുകൾ താങ്ങാൻ കഴിയാത്തവർക്കും NDP സർക്കാർ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ബ്രിട്ടിഷ് കൊളംബിയയിലെ പോർട്ട് മൂഡിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു ജഗ്മീത് സിങ്.

വലിയ, സമ്പന്നരായ ഡെവലപ്പർമാർക്ക് കെട്ടിടങ്ങൾ വാങ്ങാനും വീടുകൾ വാങ്ങാനും വായ്പ നൽകാൻ കഴിയുമെങ്കിൽ, എന്തുകൊണ്ടാണ് പാവപ്പെട്ട ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ കഴിയാത്തത്, ജഗ്മീത് സിങ് ചോദിക്കുന്നു. രാജ്യത്തുടനീളമുള്ള ഭവന പ്രതിസന്ധിയെ മറികടക്കാൻ കുറഞ്ഞ പലിശയിലുള്ള വായ്പകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിബറൽ ഗവൺമെൻ്റ് അഭിമാനകരമായി ഉയർത്തിക്കാട്ടുന്ന ഫെഡറൽ ഡെൻ്റൽ കെയർ പ്ലാൻ, ഫാർമകെയർ, സ്‌കാബ് വിരുദ്ധ നിയമനിർമ്മാണം എന്നിവ എൻഡിപിയുടെ നേട്ടമാണെന്നും ജഗ്മീത് പറയുന്നു.