ടൊറൻ്റോ : വാരാന്ത്യത്തിൽ വീശിയടിച്ച ഹിമ കൊടുങ്കാറ്റിനെ തുടർന്ന് കനത്ത വൈദ്യുതി തടസ്സം നേരിടുന്നതിനാൽ സൈമൺസ് കാമ്പസ്, ട്രയൽ കോളേജ് എന്നിവയ്ക്ക് അവധി നൽകി ട്രെൻ്റ് സർവകലാശാല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പീറ്റർബറോ സിറ്റി നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. ട്രെൻ്റ് സർവകലാശാലയുടെ പ്രധാന കാമ്പസ് തുറന്നിട്ടുണ്ട്. എന്നാൽ, അത്‌ലറ്റിക്‌സ് സെൻ്റർ, ബാറ്റ ലൈബ്രറി, മറ്റ് കാമ്പസ് സൗകര്യങ്ങൾ എന്നിവ അടച്ചിരിക്കും. കാമ്പസിൽ ആവശ്യമില്ലാത്ത സ്റ്റാഫുകളും ഫാക്കൽറ്റികളും വീട്ടിൽ താമസിച്ച് ജോലി ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം കാമ്പസിൽ താമസിക്കുന്നവർക്ക് ഹൗസിങ് ആൻഡ് ഫുഡ് സർവീസസ് സഹായം നൽകും. കൂടാതെ വിദ്യാർത്ഥികൾക്ക് കാമ്പസിൽ സജ്ജീകരിച്ചിട്ടുള്ള സേവന കേന്ദ്രങ്ങൾ സന്ദർശിക്കാം. ഡിജിറ്റൽ, സെൽ ആശയവിനിമയം വെല്ലുവിളി ആയതിനാൽ കാമ്പസിലുള്ള വിദ്യാർത്ഥികൾക്കായി അപ്‌ഡേറ്റുകളും വിവരങ്ങളും അടങ്ങിയ പോസ്റ്ററുകൾ കാമ്പസിൽ പതിപ്പിച്ചിട്ടുണ്ട്. ഐസ് ക്ലിയറിങ് ജോലിക്കാർ കാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.