വൻകൂവർ : പക്ഷിപ്പനിയിൽ ലക്ഷക്കണക്കിന് കോഴിയും ടർക്കിയും അടക്കമുള്ള പക്ഷികൾ ചത്തൊടുങ്ങിയതോടെ പ്രതിസന്ധിയിലായി ബ്രിട്ടിഷ് കൊളംബിയയിലെ കർഷകർ. മൂന്ന് വർഷത്തിലേറെ നീണ്ടുനിന്ന പക്ഷിപ്പനി തരംഗത്തിൽ പ്രവിശ്യയിലെ നൂറുകണക്കിന് ഫാമുകളിലായി 87 ലക്ഷം പക്ഷികളെയാണ് കൊന്നൊടുക്കിയത്. അതേസമയം ഈ വർഷം കാട്ടുപക്ഷികളുടെ അടുത്ത ദേശാടനത്തിന് ഒരുങ്ങുമ്പോൾ അടുത്തതെന്തെന്ന ആശങ്കയിലാണ് പ്രവിശ്യയിലെ കർഷകരും ശാസ്ത്രജ്ഞരും.

ഉയർന്ന രോഗകാരിയായ H5N1 ഏവിയൻ ഫ്ലൂ പ്രചരിക്കാൻ തുടങ്ങിയതിനുശേഷം ചില കർഷകർ തങ്ങളുടെ ഫാമുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഫ്രേസർ വലിയിലെ അബോട്ട്‌സ്‌ഫോർഡിലുള്ള ഫാമിൽ പക്ഷിപ്പനി മൂലം 2022 അവസാനത്തോടെ 60,000 കോഴികളെ കൊല്ലേണ്ടി വന്നു. മറ്റൊരു ഫാമിലെ 9,000 ടർക്കികളെ 2023-ൽ ദയാവധം ചെയ്തതായികർഷകനായ റേ നിക്കൽ പറയുന്നു.

2022 ഏപ്രിലിൽ ആദ്യത്തെ കേസ് കണ്ടെത്തിയതുമുതൽ പ്രവിശ്യയിലെ 239 ഫാമുകളിൽ രോഗബാധ കണ്ടെത്തിയിരുന്നു. എന്നാൽ, നിലവിൽ ആറ് ഫാമുകളിൽ മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂവെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ജനുവരി 11 മുതൽ പ്രവിശ്യയിൽ പുതിയ അണുബാധകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, പ്രവിശ്യയിൽ 87 ലക്ഷത്തിലധികം പക്ഷികളെ കൊന്നൊടുക്കിയിട്ടുണ്ട്. ഇത് രാജ്യത്തുടനീളം പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ പക്ഷികളുടെ എണ്ണമായ ഒരു കോടി 45 ലക്ഷത്തിൻ്റെ പകുതിയിലധികം വരുമെന്നും ഫെഡറൽ ഏജൻസി പറയുന്നു.