ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ 27-ാം ദിവസം അവസാനിക്കുമ്പോൾ ലിബറൽ പാർട്ടിക്ക് മുഖ്യഎതിരാളികളായ കൺസർവേറ്റീവ് പാർട്ടിയേക്കാൾ എട്ട് പോയിൻ്റ് മുൻതൂക്കമുണ്ടെന്ന് പുതിയ സർവേ റിപ്പോർട്ട്. കഴിഞ്ഞ സർവേയെ അപേക്ഷിച്ച് മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിക്കുള്ള ജനപിന്തുണ 45 ശതമാനമായി ഉയർന്നപ്പോൾ പിയേർ പൊളിയേവിന്‍റെ കൺസർവേറ്റീവുകൾക്കുള്ള പിന്തുണ 37 ശതമാനത്തിലേക്ക് ഇടിഞ്ഞതായി നാനോസ് റിസർച്ച് സർവേ പറയുന്നു. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് എട്ടു ശതമാനം, ബ്ലോക്ക് കെബെക്കോയിസിനു ആറ് ശതമാനം, ഗ്രീൻ പാർട്ടി ഓഫ് കാനഡയ്ക്ക് രണ്ട് ശതമാനം, പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള ജനപിന്തുണയെന്നും സർവേ കണ്ടെത്തി.

പ്രയറികളിൽ ഒഴിച്ച് മറ്റു പ്രവിശ്യകളിൽ ലിബറൽ മുന്നേറ്റം തുടരുന്നതായി സർവേ പ്രവചിക്കുന്നു. ഒൻ്റാരിയോ, അറ്റ്ലാൻ്റിക് കാനഡ, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ ലിബറൽ പാർട്ടി മുന്നേറുകയാണ്. അതേസമയം പ്രയറികളിൽ കൺസർവേറ്റീവ് പാർട്ടി ശക്തമായ ലീഡ് തുടരുന്നതായി സർവേ സൂചിപ്പിക്കുന്നു. ഒൻ്റാരിയോയിൽ ലിബറലുകൾക്ക്, കൺസർവേറ്റീവുകളെ അപേക്ഷിച്ച് ഏഴ് പോയിൻ്റ് നേട്ടമുണ്ട്. പ്രവിശ്യയിൽ ലിബറലുകൾക്ക് 48 ശതമാനവും കൺസർവേറ്റീവുകൾക്ക് 41 ശതമാനവും വോട്ടർമാരുടെ പിന്തുണ ഉണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. ഒൻ്റാരിയോയിൽ എൻഡിപിക്ക് എട്ട് ശതമാനമാണ് ജനപിന്തുണ.
നേതാക്കളുടെ ഫ്രഞ്ച് സംവാദത്തെത്തുടർന്ന്, ലിബറൽ പാർട്ടി കെബെക്കിൽ ലീഡ് തുടരുകയാണ്. പാർട്ടിയുടെ ജനപിന്തുണ ഒരു പോയിൻ്റ് ഉയർന്ന് 48 ശതമാനത്തിലെത്തി. രണ്ടാം സ്ഥാനത്തുള്ള ബ്ലോക്ക് കെബെക്കോയിസിനേക്കാൾ 20 പോയിൻ്റിലധികം ലീഡ് നിലനിർത്തിയതായി നാനോസ് റിസർച്ച് സിഇഒ നിക്ക് നാനോസ് പറയുന്നു. പ്രയറികളിൽ, സർവേയിൽ പങ്കെടുത്തവരിൽ 56 ശതമാനം ജനങ്ങളുടെ പിന്തുണയോടെ കൺസർവേറ്റീവുകൾ ആധിപത്യം തുടരുന്നു. ലിബറലുകൾക്ക് 30 ശതമാനമാണ് പ്രയറികളിലെ പിന്തുണ. ബ്രിട്ടിഷ് കൊളംബിയയിൽ ലിബറലുകൾ 45 ശതമാനവും കൺസർവേറ്റീവുകൾക്ക് 36 ശതമാനവും എൻഡിപിക്ക് 12 ശതമാനവുമാണ് പിന്തുണ. അറ്റ്ലാൻ്റിക് മേഖലയിൽ ലിബറൽ പാർട്ടി ശക്തമായ ലീഡ് തുടരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 61 ശതമാനവും ലിബറലുകളെ പിന്തുണയ്ക്കുന്നതായി സർവേ പറയുന്നു. കൺസർവേറ്റീവ് പാർട്ടിക്ക് 27 ശതമാനമാണ് അറ്റ്ലാൻ്റിക് മേഖലയിലുള്ള പിന്തുണ. മേഖലയിൽ ഒമ്പത് ശതമാനവുമായി എൻഡിപി ഏറെ പിന്നിലാണ്.

കനേഡിയൻ പൗരന്മാർ ആരെയാണ് പ്രധാനമന്ത്രിയാക്കാൻ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന്, ലിബറൽ ലീഡർ മാർക്ക് കാർണിക്കുള്ള പിന്തുണ 14 പോയിൻ്റായി ഉയർന്നു. സർവേയിൽ പങ്കെടുത്ത 48% പേർ അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോൾ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെ 34% പേരും പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കുന്നു.