സാസ്കറ്റൂൺ : രാജ്യത്തുടനീളം പ്രതിസന്ധി സൃഷ്ടിക്കുന്ന മനുഷ്യക്കടത്ത് പ്രശ്‌നം കൈകാര്യം ചെയ്യാൻ സംഘടിപ്പിക്കുന്ന ദേശീയ ഉച്ചകോടിക്ക് സാസ്കറ്റൂൺ ആതിഥേയത്വം വഹിക്കും. ആൽബർട്ടയിലെ മനുഷ്യക്കടത്തിന് ഇരയായ മാഡിസൺ ഫ്രേസറിൻ്റെ പേരിലുള്ള മാഡിസൺ സെഷൻസ് എന്ന പേരിലുള്ള ഈ ദേശീയ ഉച്ചകോടിയിൽ രാജ്യത്തുടനീളമുള്ള നിയമപാലകരും ക്രൗൺ പ്രോസിക്യൂട്ടർമാരും സാസ്കറ്റൂണിൽ ഒത്തുകൂടും. മാഡിസൺ സെഷൻസിൻ്റെ മൂന്നാം വർഷമാണിത്.

കാനഡയിൽ 2013 മുതൽ 2023 വരെ 4,500 മനുഷ്യക്കടത്ത് കേസുകൾ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കുറ്റകൃത്യത്തിൽ പ്രധാനമായും സ്ത്രീകളും പെൺകുട്ടികളുമാണ് ഉൾപ്പെടുന്നത്. അതിൽ തന്നെ 23 പേർ 18 വയസ്സിന് താഴെയുള്ളവരാണെന്ന് ആതിഥേയ നഗരത്തിലെ സാസ്കറ്റൂൺ പൊലീസ് സർവീസ് (എസ്‌പിഎസ്) പറയുന്നു. ഈ ആഴ്‌ച സാസ്കറ്റൂണിൽ യോഗം ചേരുമ്പോൾ കാനഡയിൽ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നായ മനുഷ്യക്കടത്തിനെ ചെറുക്കുന്നതിൽ ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.