ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുഎസിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. തിങ്കളാഴ്ച ഉച്ചയ്ക്ക് കാർണി യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിലേക്ക് പോകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. തുടർന്ന് മെയ് 6 ചൊവ്വാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടക്കും. അതേസമയം യുഎസുമായുള്ള ചർച്ച എളുപ്പമാകുമെന്ന് കരുതുന്നില്ലെന്ന് മാർക്ക് കാർണി പറയുന്നു. എന്നാൽ, കാനഡയ്ക്ക് ഏറ്റവും മികച്ച കരാർ മാത്രമേ സ്വീകരിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ (CUSMA) കരാറിന്‍റെ പുനർചർച്ചകൾ അടുത്ത വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെയും പ്രസിഡൻ്റിന്‍റെയും കൂടിക്കാഴ്ച. കാനഡയ്ക്ക് ഏറ്റവും മികച്ച കരാർ ലഭിക്കാൻ സർക്കാർ പോരാടുമെന്ന് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു. CUSMA എന്നറിയപ്പെടുന്ന കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാർ, ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്താണ് നിലവിൽ വന്നത്. അക്കാലത്ത് ട്രംപ് കരാറിനെ എക്കാലത്തെയും മികച്ച കരാർ എന്ന് വിശേഷിപ്പിക്കുകയും കനേഡിയൻ ഉദ്യോഗസ്ഥർ ഇത് കാനഡയുടെ വിജയമായി പ്രഖ്യാപിക്കുകയും ചെയ്‌തതായി വിദഗ്ധർ പറയുന്നു.
