വാഷിംഗ്ടൺ : നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാർ സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ തയ്യാറായാൽ 1,000 യുഎസ് ഡോളർ നൽകുമെന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം. സിബിപി ഹോം ആപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങുമെന്ന് സർക്കാരിനെ അറിയിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് യാത്രാ സഹായത്തിനാണ് പണം നൽകുന്നത്. ഇവരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് തടങ്കലാക്കുന്നതിൽ നിന്നും ഒഴിവാക്കുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.

നിങ്ങൾ നിയമവിരുദ്ധമായി താമസിക്കുന്നവരാണെങ്കിൽ അറസ്റ്റ് ഒഴിവാക്കി അമേരിക്ക വിടുന്നതിനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാർഗമാണ് സ്വയം നാടുകടത്തൽ, സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. ഡിഎച്ച്എസ് ഇപ്പോൾ സിബിപി ഹോം ആപ്പ് വഴി നിയമവിരുദ്ധ വിദേശികൾക്ക് സാമ്പത്തിക യാത്രാ സഹായവും സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സ്റ്റൈപ്പൻഡും വാഗ്ദാനം ചെയ്തിട്ടുണ്ട്, അവർ വ്യക്തമാക്കി. ഷിക്കാഗോയിൽ നിന്നും ഹോണ്ടുറാസിലേക്ക് മടങ്ങാൻ ഒരു കുടിയേറ്റക്കാരന് വിമാന ടിക്കറ്റിനായി ഇതിനകം പണം നൽകിയിട്ടുണ്ടെന്നും ഈ ആഴ്ചയും അടുത്ത ആഴ്ചയും കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും വകുപ്പ് റിപ്പോർട്ട് ചെയ്തു.
