Wednesday, November 4, 2026

P.E.I പ്രീമിയര്‍ റോബ് ലാന്റ്‌സ് രാജി വെക്കണമെന്ന സമ്മര്‍ദ്ദം ശക്തമാകുന്നു

ഷാര്‍ലറ്റ്ടൗണ്‍: പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ (P.E.I.) പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രീമിയര്‍ റോബ് ലാന്റ്‌സിന്റെ നേതൃത്വത്തിനെതിരെ വിമത നീക്കം ശക്തമാകുന്നു. റോബ് ലാന്റ്‌സിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തി വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അംഗങ്ങള്‍ ഔദ്യോഗികമായി പെറ്റിഷന്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ മാര്‍ക്ക് ലെഡ്വെല്ലിനെ പരാജയപ്പെടുത്തി 53.1 ശതമാനം വോട്ടോടെയാണ് ലാന്റ്‌സ് പാര്‍ട്ടി നേതൃത്വത്തിലേക്കും പ്രീമിയറിലേക്കും എത്തിയത്.

പാര്‍ട്ടിയിലെ 120-ലധികം അംഗങ്ങള്‍ ഇതിനോടകം പെറ്റിഷനില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് ദീര്‍ഘകാല പാര്‍ട്ടി അംഗമായ മാര്‍ട്ടി മര്‍ഫി വ്യക്തമാക്കി. സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തരവാദിത്തമില്ലായ്മയും, കുതിച്ചുയരുന്ന കമ്മി (deficit), ജനപ്രീതിയിലെ ഇടിവ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമതര്‍ രംഗത്തുവന്നിരിക്കുന്നത്. അടുത്ത 15 ദിവസത്തിനുള്ളില്‍ പ്രത്യേക പൊതുയോഗം വിളിച്ച് രഹസ്യ ബാലറ്റിലൂടെ പ്രീമിയറുടെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് പെറ്റിഷനിലെ ആവശ്യം.

എന്നാല്‍ ഈ നീക്കങ്ങളെ പ്രീമിയര്‍ റോബ് ലാന്റ്‌സ് തള്ളിക്കളഞ്ഞു. പാര്‍ട്ടിക്ക് 7,200-ലധികം അംഗങ്ങളുണ്ടെന്നും, നേതൃത്വ വോട്ടെടുപ്പിന് 75 ഒപ്പുകള്‍ മതിയെന്നത് വളരെ കുറഞ്ഞ പരിധിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ തയ്യാറാകാത്ത ചെറിയൊരു വിഭാഗം ആളുകളാണ് ഇതിന് പിന്നിലെന്നും, ഇത് ജനങ്ങളുടെ വിധിയെഴുത്തിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ലാന്റ്‌സ് കുറ്റപ്പെടുത്തി. നിലവിലെ വിമത നീക്കം വെറുമൊരു ശ്രദ്ധ തിരിക്കല്‍ മാത്രമാണെന്നും, സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമകാര്യങ്ങളിലും സര്‍ക്കാരിന്റെ ഔദ്യോഗിക ജോലികളിലുമാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PC പാര്‍ട്ടി പ്രസിഡന്റ് റോബര്‍ട്ട് ലാര്‍സന്‍ പാര്‍ട്ടിക്ക് പെറ്റിഷന്‍ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം അടുത്ത ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിയമോപദേശം തേടിവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!