എഡ്മിന്‍റൻ : ആൽബർട്ടയുടെ പുതിയ നിയമസഭാ സ്പീക്കറായി കാൽഗറി-ഹേയ്‌സ് എംഎൽഎ റിക്ക് മക്ഐവർ തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ നടന്ന വോട്ടെടുപ്പിൽ മുൻസിപ്പൽ അഫയേഴ്‌സ് മന്ത്രിയായിരുന്ന അദ്ദേഹം എൻഡിപിയുടെ ഹീതർ സ്വീറ്റിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം മക്ഐവർ പ്രീമിയർ ഡാനിയേൽ സ്മിത്തിന് രാജി സമർപ്പിച്ചിരുന്നു. അമേരിക്കയിലേക്കുള്ള പ്രവിശ്യയുടെ പ്രതിനിധിയായി മുൻ സ്പീക്കർ നഥാൻ കൂപ്പറിനെ കഴിഞ്ഞയാഴ്ച നിയമിച്ചതിനെത്തുടർന്നാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്.

2023 ജൂൺ മുതൽ മുനിസിപ്പൽ അഫയേഴ്‌സ് മന്ത്രിയാണ് മക്‌ഐവർ. അതിനുമുമ്പ്, ഗതാഗത മന്ത്രി, അടിസ്ഥാന സൗകര്യ മന്ത്രി, തൊഴിൽ മന്ത്രി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ പ്രവിശ്യാ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് മക്‌ഐവർ കാൽഗറി സിറ്റി കൗൺസിലറായി മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിക് മക്ഐവറിന്‍റെ പകരക്കാരനായി പുതിയ ഒരാളെ നിയമിക്കുന്നത് വരെ ആൽബർട്ട ടൂറിസം, കായിക മന്ത്രിയും ഗവൺമെൻ്റ് ഹൗസ് ലീഡറുമായ ജോസഫ് ഷോ മുനിസിപ്പൽ അഫയേഴ്‌സ് മന്ത്രിയുടെ ചുമതല വഹിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു.