ഓട്ടവ : വീണ്ടുമൊരു പോസ്റ്റൽ സമരത്തിലേക്ക് കാനഡ നീങ്ങുന്നതായി സൂചന. നിലവിൽ ഇരുപക്ഷവും കരാറിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ചർച്ച താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കാനഡ പോസ്റ്റ് വക്താവ് അറിയിച്ചു. ഏപ്രിൽ 30-ന് കാനഡ പോസ്റ്റും തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW)-ഉം ചർച്ച പുനഃരാരംഭിച്ചിരുന്നു.

മെയ് 22-ന് നിലവിലുള്ള ഇരുപക്ഷവും തമ്മിലുള്ള കരാറുകൾ അവസാനിക്കാനിരിക്കെയാണ് ഏറ്റവും പുതിയ സംഭവവികാസം. കഴിഞ്ഞ വർഷം അവസാനം ആരംഭിച്ച കാനഡ പോസ്റ്റിന്റെ ഒരു മാസം നീണ്ടുനിന്ന പണിമുടക്ക് രാജ്യത്തുടനീളമുള്ള തപാൽ വിതരണം നിർത്തിവെക്കുന്നതിന് കാരണമായി. പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബറിൽ ഫെഡറൽ തൊഴിൽ മന്ത്രി ജീവനക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടു. ഇതിനായി ഇരുപക്ഷവും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിശോധിക്കാനും അത് പരിഹരിക്കുന്നതിനുള്ള ശുപാർശകൾ നൽകാനും ഫെഡറൽ ഇൻഡസ്ട്രിയൽ എൻക്വയറി കമ്മീഷനെ നിയമിക്കുകയും ചെയ്തു. കൂടാതെ കൂട്ടായ കരാറുകൾ മെയ് 22 വരെ നീട്ടുകയും ചെയ്തിരുന്നു.

അതേസമയം ന്യായമായ വേതനം, ആരോഗ്യം, സുരക്ഷാ സംരക്ഷണങ്ങൾ, തൊഴിൽ സുരക്ഷ, അന്തസ്സോടെ വിരമിക്കാനുള്ള അവകാശം എന്നിവ നൽകുന്ന കൂട്ടായ കരാറുകൾ നേടുകയാണ് യൂണിയൻ ലക്ഷ്യമിടുന്നതെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്സൺ പറഞ്ഞു.