Sunday, September 7, 2025

ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ ഉപരോധം; ഇസ്രയേലിന് ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ്

Britain, Canada, France threaten sanctions against Israel over Gaza

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ലോക രാജ്യങ്ങള്‍. ഗാസയില്‍ കൂട്ടക്കുരുതി ഇനിയും തുടര്‍ന്നാല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുകെ, ഫ്രാന്‍സ്, കാനഡ അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കി. ഗാസയില്‍ അവശ്യസേവനങ്ങള്‍ നിഷേധിച്ചുള്ള ഇസ്രയേലിന്റെ നടപടി സ്വീകാര്യമല്ല. ഇത് മനുഷ്യത്വരഹിതനടപടിയാണെന്നും യുകെ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ആയുധ കയറ്റുമതി താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗാസയിലെ ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ച് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയും രംഗത്തെത്തിയിട്ടുണ്ട്. ഗാസയിലെ ജനങ്ങള്‍ 80 ദിവസത്തോളം പട്ടിണി കിടന്നു എന്നറിയുന്നത് അതിശയകരവും അപലപനീയവുമാണെന്ന് ആംനസ്റ്റി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

ഇസ്രയേലിനെതിരെ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യുകെയിലെ പലസ്തീന്‍ അംബാസഡര്‍ ഹുസാം സോംലോട്ട് ആവശ്യപ്പെടുന്നത്. ഇസ്രയേലിനെതിരെ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ അടക്കമുള്ള രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഹുസാം സോംലോട്ട് പറഞ്ഞു. ഇതൊരു ആവശ്യമോ അതിനുവേണ്ടിയുള്ള മുറവിളിയോ അല്ല. നിയമപരമായ കര്‍ത്തവ്യമാണെന്നും ഹുസാം സോംലോട്ട് പറഞ്ഞു. ഒരു അന്തര്‍ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് ഹുസാം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതിനിടെ ഗാസയുടെ നിയന്ത്രണം ഇസ്രയേല്‍ പിടിച്ചടക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. പലസ്തീന്‍ തീവ്രവാദത്തെ നശിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ മരണസംഖ്യ ഉയരുകയാണ്. ഇന്നലെ അര്‍ദ്ധരാത്രി മാത്രം അന്‍പതോളം പേര്‍ കൊല്ലപ്പെട്ടതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!